നിക്ഷേപകര്‍ക്ക് സ്വാഗതം; സ്‌പെഷ്യലൈസ്ഡ് വിസ പ്രഖ്യാപിച്ച് യുഎഇ

അബുദാബി : നിക്ഷേപകര്‍, സംരംഭകര്‍, സ്‌കില്‍ഡ് പ്രൊഫഷണലുകള്‍, ബിസിനസുകാര്‍ എന്നിവരെ സ്‌പെഷ്യലൈസ്ഡ് വിസിറ്റ് വിസയില്‍ യുഎഇയിലേക്ക് ക്ഷണിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). യുഎഇയിലെ ബിസിനസ് സാധ്യതകള്‍ നേരിട്ട് മനസ്സിലാക്കാനും നടപടികള്‍ പൂര്‍ത്തിയാക്കാനുമാണ് വിസ നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
യോഗ്യതയും പ്രൊഫഷനും അടിസ്ഥാനമാക്കി യുഎഇയില്‍ ഒറ്റത്തവണ സന്ദര്‍ശനത്തിനോ ഒന്നിലധികം സന്ദര്‍ശനങ്ങള്‍ക്കോ എത്താം. എന്നാല്‍ 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ തങ്ങാന്‍ പാടില്ല. 60, 90, 120 ദിവസ കാലാവധിയുള്ള ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസകളാണ് നൽകുന്നത്. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകളിൽ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. വിസ സേവനത്തിന് അപേക്ഷിക്കുന്നതിന് നാല് നിബന്ധനകള്‍ പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
യുഎഇയില്‍ തെരഞ്ഞെടുക്കുന്ന ബിസിനസുമായി ബന്ധപ്പെട്ട് യോഗ്യതയുള്ള പ്രൊഫഷനല്‍ ആയിരിക്കണം. 6 മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രാ വിമാന ടിക്കറ്റും ഉണ്ടായിരിക്കണം. യുഎഇയില്‍ സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്.