സെന്യാര്‍ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് ശേഷം ഇന്തോനേഷ്യയില്‍ കര തൊടും

തിരുവനന്തപുരം : മലാക്ക കടലിടുക്കിനും ഇന്തോനീഷ്യയ്ക്കും മുകളിലായി സെന്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു. യുഎഇ ആണ് ചുഴലിക്കാറ്റിന് പേരിട്ടത്. അറബിയില്‍ സിംഹം എന്ന അര്‍ത്ഥമുള്ള സെന്യാര്‍ എന്ന പേര് ചുഴലിക്കാറ്റിന് നിര്‍ദേശിച്ചത് യുഎഇയാണ്.
വളരെ അപൂര്‍വമായി മാത്രമാണ് മലാക്ക കടലിടുക്കിന് മുകളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. 2001ല്‍ രൂപപ്പെട്ട വാമേ (Vamei ) ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാമത്തെ മാത്രം ചുഴലിക്കാറ്റാണിത്. ഉച്ചക്ക് ശേഷം ഇന്തോനേഷ്യയില്‍ കര കയറി വീണ്ടും ഗതി കിഴക്ക് ദിശയിലേക്ക് നീങ്ങി ദുര്‍ബലമായേക്കും. പ്രത്യക്ഷത്തില്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിനു ഭീഷണിയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
അതേസമയം, കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ന്യൂനമര്‍ദം വൈകാതെ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറും. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



