അന്തർദേശീയം

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം : ബോട്ട് മറിഞ്ഞ് രണ്ട് ഇന്ത്യൻ കുട്ടികളെ കാണാതായി; മൂന്ന് മരണം

കാലിഫോർണിയ : കാലിഫോർണിയയിലെ സാൻ ഡീഗോ തീരത്ത് തിങ്കളാഴ്ച രാവിലെ ബോട്ട് മറിഞ്ഞ് രണ്ട് കുട്ടികളെ കാണാതായി. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബത്തിലെ കുട്ടികളെയാണ് കാണാതായത്. എന്നാൽ ഇവരുടെ മാതാപിതാക്കൾ അത്ഭുതകരമായി രക്ഷപെട്ടു. ദുരന്തത്തിൽ ബോട്ടിൽ സഞ്ചരിച്ച മറ്റ് മൂന്ന് പേര് മരിച്ചതായി കോസ്റ്റ് ഗാർഡ് പറഞ്ഞു.

മാതാപിതാക്കൾ കാലിഫോർണിയയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും രണ്ട് കുട്ടികളെ കാണാനില്ലെന്നും സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. യു.എസ് കോസ്റ്റ് ഗാർഡിന്റെ കണക്കനുസരിച്ച് നാലുപേരെ രക്ഷപെടുത്തിയിട്ടുണ്ട്. എന്നാൽ കൂടെയുണ്ടായ ഏഴ് പേരെ ഇപ്പോഴും കാണാനില്ല. ബോട്ട് ഉടമസ്ഥരെ കസ്റ്റഡിയിലെടുത്തതായും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

കാണാതായവർക്കായി തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്ന് മുതിർന്ന കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ ലെവി റീഡ് പറഞ്ഞു. തിരച്ചിലിനായി കോസ്റ്റ് ഗാർഡിന്റെ എമർജൻസി റെസ്പോൺസ് ബോട്ട്, ഒരു ഹെലികോപ്റ്റർ എന്നിവും ഉൾപെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെക്സിക്കൻ അതിർത്തിയിൽ നിന്ന് ഏകദേശം 35 മൈൽ(56 കിലോമീറ്റർ) മാറി വടക്കായിട്ടാണ് ബോട്ട് മറിഞ്ഞതെന്ന് ഓഫീസർ ക്രിസ് സപ്പി മാധ്യങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button