അന്തർദേശീയം

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ മണ്ണിടിച്ചിലിൽ രണ്ട് മരണം; 21 പേരെ കാണാതായി

ജക്കാർത്ത : ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. 21 പേരെ കാണാതായി. 23 പേരെ രക്ഷപെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവ പ്രവിശ്യയിലെ സിലകാപ്പ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി വ്യാഴാഴ്ച വൈകി പെയ്ത കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വീടുകൾ മണ്ണിടിച്ചിലിൽ തകർന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തന വെല്ലുവിളി ഉയർത്തി. വെള്ളി രാവിലെ മുതൽ സംയുക്ത സംഘം തിരച്ചിൽ പുനരാരംഭിച്ചതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹാരി പറഞ്ഞു. വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി പുറത്തുവിട്ടു.

17,000 ദ്വീപുകളുടെ ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പെയ്യുന്ന കനത്ത മഴ പലപ്പോഴും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നുണ്ട്. നവംബർ ആദ്യം പാപ്പുവയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 15 പേർ കൊല്ലപ്പെടുകയും എട്ട് പേരെ കാണാതാവുകയും ചെയ്തു. ജനുവരിയിൽ സെൻട്രൽ ജാവ പ്രവിശ്യയിൽ പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 20 പേരാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button