ഉത്തരാഖണ്ഡിൽ ഇരട്ട മേഘവിസ്ഫോടനം; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഇരട്ട മേഘവിസ്ഫോടനം. ചമോലി, രുദ്രപ്രയാഗ് ജില്ലകളിൽ ഉണ്ടായ രണ്ട് വ്യത്യസ്ത മേഘവിസ്ഫോടനങ്ങളെത്തുടർന്ന് നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും ധാമി പറഞ്ഞു. രുദ്രപ്രയാഗിലെ ബരേത് ദുൻഗർ ടോക്ക് പ്രദേശത്തും ചമോലി ജില്ലയിലെ ദേവൽ പ്രദേശത്തുമാണ് ഇന്ന് (വെള്ളിയാഴ്ച) പുലർച്ചയോടെ മേഘവിസ്ഫോടനം ഉണ്ടായത്.
രുദ്രപ്രയാഗിൽ, തുടർച്ചയായ മഴയെത്തുടർന്ന് അലക്നന്ദ, മന്ദാകിനി നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വാഹന ഗതാഗതവും നിർത്തിവച്ചു. ചമോലിയിലും നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിട്ടുണ്ട്. നദികൾക്ക് സമീപം വീടുകളുള്ള ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്.