ഇന്ത്യയുടെ അരിക്കും കാനഡയുടെ വളത്തിനും പുതിയ തീരുവ ഏര്‍പ്പെടുത്ത്തുമെന്ന് ട്രംപിൻറെ മുന്നറിയിപ്പ്

വാഷിങ്ടണ്‍ ഡിസി : ഇന്ത്യയുടെ അരി ഇറക്കുമതിയും കാനഡയുടെ വളം ഇറക്കുമതിയും സംബന്ധിച്ച് പുതിയ തീരുവ ഏര്‍പ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടയിലാണ് മുന്നറിയിപ്പ്. അമേരിക്കയിലെ കര്‍ഷകര്‍ക്ക് വേണ്ടി കോടിക്കണക്കിന് ഡോളറിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.
അരി ഇറക്കുമതിയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്കിടെയാണ് ഇന്ത്യ ഒരു പ്രധാന ഉദാഹരണമായി ഉയര്‍ന്നുവന്നത്. അരി ഇറക്കുമതി തെക്കന്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നാശം വിതയ്ക്കുന്നുവെന്ന് ലൂസിയാനയില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ ആരോപിച്ചു. അമേരിക്കയിലെ റീട്ടെയില്‍ അരി വിപണിയില്‍ മുന്നിലുള്ള ഏറ്റവും വലിയ രണ്ട് ബ്രാന്‍ഡുകളും ഇന്ത്യന്‍ സ്ഥാപനങ്ങളുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തോട് വളരെ വേഗം തന്നെ ട്രംപ് പ്രതികരിച്ചു. ”ആ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം. രണ്ട് മിനിറ്റിനുള്ളില്‍ പ്രശ്നം പരിഹരിക്കാന്‍ തീരുവകള്‍ക്കാവും. ഇന്ത്യ അവരുടെ അരി യുഎസിലേക്ക് തള്ളിവിടാന്‍ പാടില്ല. മറ്റുള്ളവരില്‍നിന്ന് ഞാന്‍ അത് കേട്ടിട്ടുണ്ട്. ഇന്ത്യ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല.” ട്രംപ് പറഞ്ഞു.
ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി അമേരിക്കന്‍ ഉല്‍പ്പാദകരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയിലെ ഉല്‍പ്പാദകരെ സംരക്ഷിക്കാന്‍ തീരുവകള്‍ കര്‍ശനമായി ഉപയോഗിക്കാനാണ് തന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇറക്കുമതി ടാക്സുകളിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അമേരിക്കന്‍ കര്‍ഷകര്‍ക്ക് 12 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.
കര്‍ഷകരുടെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ പാക്കേജ് അത്യാവശ്യമാണെന്ന് ട്രംപ് പറഞ്ഞു. ‘കര്‍ഷകര്‍ നാടിന്റെ അഭിവാജ്യമായ ഘടകമാണ്. അമേരിക്കയുടെ നട്ടെല്ലാണ്.’ അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തന്റെ തന്ത്രത്തിന്റെ കേന്ദ്ര ബിന്ദുവാണ് തീരുവ സമ്മര്‍ദമെന്നും ട്രംപ് പറഞ്ഞു.
കാനഡയില്‍ നിന്നുള്ള വളം ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തി പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സാധ്യതയും ട്രംപ് നിര്‍ദ്ദേശിച്ചു. ‘കാനഡയില്‍ നിന്ന് വലിയ തോതില്‍ വളം യുഎസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് അതിന് വളരെ കഠിനമായ തീരുവകള്‍ ഏര്‍പ്പെടുത്തേണ്ടി വരും. കാരണം അങ്ങനെയാണ് നമ്മള്‍ ഇവിടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കേണ്ടത്.’ അദ്ദേഹം പറഞ്ഞു.



