അന്തർദേശീയം

48 മണിക്കൂറിനകം ഹോര്‍മുസ് തുറക്കണം അല്ലെങ്കില്‍ ഇറാൻറെ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കും : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും കപ്പല്‍ ഗതാഗതത്തിനായി തുറന്നില്ലെങ്കില്‍ ഊര്‍ജ പ്ലാന്റുകള്‍ തകര്‍ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് യു എസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.

‘ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണം, അല്ലെങ്കില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തെ നേരിടേണ്ടി വരും. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറക്കുന്നതില്‍ നടപടി വേണം. അല്ലെങ്കില്‍ അമേരിക്ക ഇറാന്റെവിവിധ ഊര്‍ജ്ജ നിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലിയ ഒന്നില്‍ നിന്നാകും തുടക്കം!’ ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ കുറിച്ചു.

ഹോർമുസ് കടലിടുക്കിന് ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി തകർത്തതായി യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു. ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭ കേന്ദ്രത്തിനു നേരെ ഈ ആഴ്ച നടന്ന ബോംബാക്രമണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് യുഎസ് വ്യക്തമാക്കി. ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെയാണ്, അവിടുത്തെ മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ യുഎസ് സൈന്യം ബോംബുകൾ പ്രയോഗിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button