2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചില്ലെങ്കിൽ തന്നെ ഡെമോക്രാറ്റുകൾ ഇംപീച്ച് ചെയ്യും : ട്രംപ്

വാഷിങ്ടൺ ഡിസി : 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചില്ലെങ്കിൽ തന്നെ ഡെമോക്രാറ്റുകൾ ഇംപീച്ച് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിൽ നടന്ന റിപ്പബ്ലിക്കൻ എംപിമാരുടെ യോഗത്തിലാണ് ട്രംപ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയത്.
‘നിങ്ങൾ ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിക്കണം, വിജയിച്ചില്ലെങ്കിൽ, അവർ എന്നെ ഇംപീച്ച് ചെയ്യാൻ ഒരു കാരണം കണ്ടെത്തും’ ട്രംപ് പറഞ്ഞു. യുഎസ് പ്രതിനിധി സഭയിൽ നേരിയ ഭൂരിപക്ഷമാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. ഭിന്നതകൾമാറ്റിവെച്ച് തന്റെ നയങ്ങൾ പ്രചരിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ വർഷം നവംബറിലാണ് യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ട്രംപിന്റെ പാർട്ടി പരാജയപ്പെട്ടാൽ, അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടില്ല. എന്നാൽ ട്രംപിന് തന്റെ വിപുലമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിന് വലിയ തിരിച്ചടികൾ ഉണ്ടാകും. നിയമനിർമാണങ്ങൾക്ക് നിർണായകമായ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ മേൽക്കൈ നേടും.
ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള ഒരു കോൺഗ്രസിന് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാനും സാധിക്കും. യുഎസ് ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകൾ ട്രംപിനെതിരെ ഇതിനോടകംതന്നെ ഇംപീച്ച്‌മെന്റ് ആവശ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ അടിയന്തിരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച മേരിലാൻഡിൽനിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി അംഗം ഏപ്രിൽ മക്ലൈൻ ഡെലാനി ഡെമോക്രാറ്റിക് കോക്കസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



