ട്രംപിന്റെ ഗോൾഫ് ക്ലബ്ബിന് നേരെ ആക്രമണം

സ്കോട്ട്ലൻഡ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗാസയെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സ്കോട്ട്ലൻഡിലെ ടേൺബെറി ഗോൾഫ് റിസോർട്ടിന് നേരെ ആക്രമണം. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും പുനർനിർമിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് പ്രതിഷേധം. പലസ്തീൻ ആക്ഷൻ എന്ന ഗ്രൂപ്പ് ഉത്തരവാദിത്വം ഏറ്റെടുത്തു.
ഏറ്റവും ചെലവേറിയ ഗോൾഫ് കോഴ്സാണ് ടേൺബെറി ഗോൾഫ് റിസോർട്ട്. അമേരിക്കൻ ഭരണകൂടം ഇസ്രായേലിന് ആയുധങ്ങൾ നൽകുകയും ഗാസയെ വംശീയമായി തുടച്ചുനീക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുമ്പോൾ സാധാരണക്കാർക്ക് ഇനി അടങ്ങിയിരിക്കാൻ കഴിയില്ലെന്ന് പലസ്തീൻ ആക്ഷൻ എന്ന ഗ്രൂപ്പ് എക്സിൽ കുറിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് റിസോർട്ടിന് നേരെ ആക്രമണം നടന്നത്. ഗോൾഫ് കോഴ്സിലുടനീളം വലിയ അക്ഷരത്തിൽ “ഗാസ വിൽപ്പനയ്ക്കില്ല” എന്ന് എഴുതിവച്ചു. ക്ലബ്ഹൗസിന് മേൽ ചുവന്ന സ്പ്രേ പെയിന്റ് അടിച്ചു.
ഗാസയെ തന്റെ ഇഷ്ടാനുസരണം ഉപയോഗിക്കാൻ കഴിയുന്ന സ്വത്തായി കണക്കാക്കി പെരുമാറുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പലസ്തീൻ ആക്ഷൻ എന്ന ഗ്രൂപ്പ് വ്യക്തമാക്കി. സ്വന്തം സ്വത്ത് ചെറുത്തുനിൽപ്പുകളിൽ നിന്ന് സുരക്ഷിതമല്ലെന്ന് അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. പലസ്തീനിലെ യുഎസ് – ഇസ്രയേൽ കൊളോണിയലിസത്തിനെതിരെ തുടർന്നും പ്രതികരിക്കുമെന്ന് ഗ്രൂപ്പ് വിശദീകരിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ, അമേരിക്ക ഗാസ മുനമ്പ് ഏറ്റെടുക്കുകയും അത് പുനർവികസിപ്പിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. പലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനും ട്രംപ് നിർദ്ദേശിച്ചു. എന്നാൽ അറബ് രാജ്യങ്ങൾ ഈ ആശയം നിരസിച്ചു.
ഭാവിയിലെ ‘ട്രംപ് ഗാസ റിസോർട്ട്’ എന്ന പേരിൽ എഐയിൽ നിർമ്മിച്ച വീഡിയോ ട്രൂത്ത് സോഷ്യൽ എന്ന സമൂഹ മാധ്യമത്തിൽ ട്രംപ് പങ്കുവച്ചിരുന്നു. ട്രംപും നെതന്യാഹുവും മദ്യപിക്കുന്ന വീഡിയോ, ഗാസയെ ഒരു ആഡംബര കേന്ദ്രമാക്കി പുനർവികസിപ്പിക്കുമെന്ന് വ്യക്തമാക്കി. പ്രതിഷേധം ഉയർന്നതോടെ ഇത് ആക്ഷേപ ഹാസ്യ വീഡിയോ ആണെന്നായിരുന്നു മറുപടി.
അതേസമയം ട്രംപ് ടേൺബെറി ആക്രമണത്തെ അപലപിച്ചു, ബാലിശവും ക്രിമിനൽ പ്രവൃത്തിയും എന്നാണ് വിളിച്ചത്. ഗോൾഫ് ലോകത്ത് ആഡംബരത്തിന്റെയും മികവിന്റെയും കാര്യത്തിൽ ഒന്നാം നമ്പറായി ടേൺബെറി തുടരുമെന്ന് ട്രംപിന്റെ വക്താവ് പറഞ്ഞു. ആക്രമണം നടത്തിയവരെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് സ്കോട്ലൻഡ് പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിച്ചാൽ കൈമാറണമെന്നും ആവശ്യപ്പെട്ടു. ടേൺബെറി നാല് തവണ ദി ഓപ്പൺ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2014 ലാണ് ട്രംപ് ഈ റിസോർട്ട് വാങ്ങിയത്.