ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ പിന്തുണ നൽകാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തും : ട്രംപ്

വാഷിങ്ടൺ ഡിസി : ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള യുഎസിന്റെ നീക്കത്തെ പിന്തുയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ദ്വീപിനെ സ്വന്തമാക്കാൻ ട്രംപിന്റെ ശ്രമം.
‘‘ഗ്രീൻലൻഡിനെ നിയന്ത്രിക്കുന്നതിൽ ഒപ്പം നിന്നില്ലെങ്കിൽ രാജ്യങ്ങള്‍ക്കുമേൽ തീരുവ ചുമത്തും, കാരണം ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് ആവശ്യമാണ്.’’, വൈറ്റ് ഹൗസിൽ വച്ച് നടന്ന് ഒരു ചടങ്ങിൽ ട്രംപ് പറഞ്ഞു. ട്രംപിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാനായി യുഎസ്, ഡെൻമാർക്ക്, ഗ്രീൻലൻഡ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു.
നയതന്ത്ര ആയുധമായി ട്രംപ് മുൻപും താരിഫ് സമ്മർദം ഉപയോഗിച്ചിട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ശിക്ഷാ നടപടികൾ ഏർപ്പെടുത്തുകയും, അടുത്തിടെ ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് മേൽ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ പിന്തുണ നൽകാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയിരിക്കുന്നത്.



