യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് പുടിന്‍
മോസ്‌കോ : യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കർക്കശ നിലപാടാണ് ചർച്ചയ്ക്ക് ഒരുങ്ങാൻ റഷ്യയെ നിർബന്ധിതരാക്കിയത്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയുടെ മേലുള്ള ഉപരോധം കടുപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
അധികാരത്തിലെത്തിയാല്‍ ഒറ്റ ദിവസം കൊണ്ട് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. റഷ്യയെ വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ ട്രംപ് പരിഹാസ്യമായ യുദ്ധം ഉടനടി നിര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഉപരോധത്തിനു പുറമെ റഷ്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത നികുതിയും തീരുവയും ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചയ്ക്ക് പുടിൻ തയ്യാറാണെന്ന് പുടിനറെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യുദ്ധം നീണ്ടുപോകുന്നത് രാജ്യത്തുണ്ടാക്കുന്ന സാന്പത്തിക പ്രതിസന്ധിയും പുടിനെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് നിർബന്ധിതരാക്കി. സമാധാന ഉടമ്പടി ചർച്ച ചെയ്യുന്നതിനായി പുടിനെ തനിക്ക് ഉടൻ കാണണമെന്ന് ട്രംപ് ലോക സാമ്പത്തിക ഫോറത്തെ അറിയിച്ചു. ട്രംപിന്‍റെ നീക്കത്തെ യുക്രൈനും സ്വാഗതം ചെയ്യുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നും യുക്രൈന്‍ വ്യക്തമാക്കി.