യൂറോപ്പ് ദുർബലരായ നേതാക്കൾ നയിക്കുന്ന ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടം : ട്രംപ്

വാഷിങ്ടൺ ഡിസി : യൂറോപ്പിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദുർബലരായ നേതാക്കൾ നയിക്കുന്ന ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടമാണ് യൂറോപ്പെന്ന് അദ്ദേഹം ആരോപിച്ചു. കുടിയേറ്റം നിയന്ത്രിക്കുന്നതിനും റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിലും അവർ പരാജയപ്പെട്ടു. തന്റെ നയപരമായ കാഴ്ചപ്പാടുകൾ പങ്കുവക്കുന്ന യൂറോപ്യൻ നേതാക്കളെ പിന്തുണയ്‌ക്കാൻ തയാറാണെന്നും ട്രംപ് സൂപിപ്പിച്ചു. ‘അവർ ദുർബലരാണെന്ന് ഞാൻ കരുതുന്നു. എന്തു ചെയ്യണമെന്ന് അവർക്ക് അറിയില്ലെന്ന് തോന്നുന്നു. എന്തു ചെയ്യണമെന്ന് യൂറോപ്പിന് അറിയില്ല.’ – ട്രംപ് പറഞ്ഞു. യൂറോപ്യൻ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ട്രംപ് നടത്തിയ ഏറ്റവും ശക്തമായ വിമർശനമാണിത്. റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലെ നിർണായകമായ ഘട്ടത്തിലാണ് ട്രംപിന്റെ വിമർശനമെന്നതും ശ്രദ്ധേയമാണ്.
റഷ്യ – യുക്രെയ്‌ൻ വെടിനിർത്തൽ നീതിയുക്തവും ശാശ്വതവുമായിരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു. സമാധാന കരാറിനായി യുഎസ് തയാറാക്കിയ ചില വ്യവസ്‌ഥകളുടെ വിശദാംശങ്ങളിൽ സംശയമുണ്ടെന്നും അതിനെക്കുറിച്ച് ചർച്ചകൾ ആവശ്യമാണെന്ന് ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മെർസും നിലപാട് സ്വീകരിച്ചിരുന്നു.
യുക്രെയ്ൻ– റഷ്യ യുദ്ധത്തിൽ വെടിനിർത്തലിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാനപദ്ധതിയെ കുറിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ കൂടിയാലോചനയിലാണ് ഇരുനേതാക്കളും നിലപാട് വ്യക്തമാക്കിയത്. ലണ്ടനിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിന്റെ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലെ ചർച്ചയില് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ സാന്നിധ്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.



