43 ദിവസത്തെ നീണ്ട ഷട്ട്ഡൗണിന് അവസാനം; ഫണ്ടിങ് ബില്ലിൽ ഒപ്പുവച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നീണ്ടുനിന്ന അടച്ചുപൂട്ടലിന് അവസാനം. 43 ദിവസത്തെ റെക്കോർഡ് അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനായി പ്രതിനിധിസഭ പാസാക്കിയ ഫണ്ടിങ് ബില്ലിൽ ബുധനാഴ്ച വൈകുന്നേരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഡെമോക്രാറ്റുകളാണ് അടച്ചുപൂട്ടലിനു പിന്നിലെന്ന് ട്രംപ് കുറ്റപ്പെടുത്തി. 222-209 എന്ന ഭൂരിപക്ഷത്തിൽ പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഒപ്പുവച്ചത്.
സർക്കാരിന്റെ ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പായിരുന്നു. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനാനുമതി ബിൽ ജനുവരി 31 വരെ സെനറ്റ് അംഗീകരിച്ചു. ബില്ലിന് ഡെമോക്രാറ്റിക് പാർട്ടിയുടെ എട്ട് അംഗങ്ങൾ പിന്തുണ നൽകി. ഷട്ട്ഡൗൺ കാരണം നിർത്തിവെച്ചിരുന്ന സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പിക്കാനും ധാരണയായിരുന്നു. ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യമായിരുന്ന ആരോഗ്യ പരിരക്ഷ നികുതി ഇളവ് ഇപ്പോൾ പരിഗണിക്കുന്നില്ല. ഈ വിഷയം അടുത്ത മാസം പരിഗണിക്കാമെന്ന് ധാരണയായി.
ഫെഡറൽ ഏജൻസികളെ സംബന്ധിച്ച ഹ്രസ്വകാല ധനസഹായ നടപടി സെനറ്റ് ഡെമോക്രാറ്റുകൾ നിരസിച്ചതിനെത്തുടർന്ന്, ഫെഡറൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഒക്ടോബർ ഒന്നിനാണ് യുഎസിൽ ഷട്ട്ഡൗൺ ആരംഭിച്ചത്. ഏകദേശം 1.70 ലക്ഷം കോടി ഡോളർ സർക്കാർ ഫണ്ടാണ് ബിൽ പാസാകാത്തതിനാൽ മരവിച്ചിരിക്കുന്നത്. വാർഷിക ഫെഡറൽ ചെലവിന്റെ നാലിലൊന്നു വരുമിത്. ഫെഡറൽ ബജറ്റിന്റെ ബാക്കി തുക പ്രധാനമായും ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, ദേശീയ കടത്തിന്റെ പലിശയടയ്ക്കൽ എന്നിവയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. കടം ഇപ്പോൾ 37.5 ലക്ഷം കോടി ഡോളർ കവിഞ്ഞു. സാമ്പത്തിക വർഷത്തിന്റെ ആരംഭം കുറിക്കുന്ന ഒക്ടോബർ ഒന്നിനകം ബജറ്റ് ബിൽ പാസാക്കുന്നതിൽ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. ആരോഗ്യ പരിരക്ഷക്കുള്ള നിർദ്ദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ്‌ഹൗസ് തള്ളിയത് സമവായത്തിന് തടസ്സമായി.
ഷട്ട്ഡൗൺ ആരംഭിച്ചതോടെ ഫെഡറൽ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടിരുന്നു. എയർ ട്രാഫിക് കൺട്രോൾമാരുടെ കുറവു മൂലം 20,000 വിമാനങ്ങൾ റദ്ദാക്കി. 1 ദശലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ലാതെയായി.



