അന്തർദേശീയം

കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ തുടങ്ങിയവര്‍ ഓവല്‍ ഓഫീസില്‍ ഇരിക്കുന്നതായും പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഭൂപടം നോക്കുന്നതുമാണ് ചിത്രം. ട്രൂത്ത് സോഷ്യല്‍ മീഡിയയിലാണ് ട്രംപ് ചിത്രം പങ്കുവെച്ചത്. ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണിത്.

മറ്റൊരു പോസ്റ്റില്‍ ഗ്രീന്‍ലാന്‍ഡില്‍ യുഎസ് പതാകയുമേന്തി നില്‍ക്കുന്ന ചിത്രവും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരോടൊപ്പമാണ് ട്രംപ് നില്‍ക്കുന്നത്. ഗ്രീന്‍ലാന്‍ഡ് യുഎസ് പ്രദേശമാണെന്നും, സ്ഥാപിക്കപ്പെട്ടത് 2026ല്‍ ആണെന്നും സൂചിപ്പിക്കുന്ന ഒരു ബോര്‍ഡും അരികിലായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തില്‍ ട്രംപിനൊപ്പം ജെഡി വാന്‍സും മാര്‍ക്കോ റൂബിയോയും ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ പതാക നാട്ടുന്നതായി കാണാം.

ദേശീയ സുരക്ഷാ കാരണങ്ങളും റഷ്യയുടെയും ചൈനയുടെയും ഭീഷണികളും ചൂണ്ടിക്കാട്ടിയാണ് ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ ഈ നീക്കം. ഡെന്മാര്‍ക്കിന് ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അമേരിക്ക അത് ഏറ്റെടുക്കണമെന്നും ട്രംപ് വാദിക്കുന്നു. ഗ്രീന്‍ലാന്‍ഡിനെ ഏറ്റെടുക്കുന്നതിനോട് ഡെന്‍മാര്‍ക്കിലെ നേതാക്കള്‍ അധികം എതിര്‍പ്പ് കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button