അന്തർദേശീയം

വെനസ്വേല മൂന്നു മുതൽ അഞ്ച് കോടിവരെ ബാരൽ ക്രൂഡോയിൽ യുഎസിന് കൈമാറും : ട്രംപ്

വാഷിങ്ടൺ ഡിസി : വെനസ്വേല മൂന്നു മുതൽ അഞ്ച് കോടിവരെ ബാരൽ ക്രൂഡോയിൽ അമേരിക്കക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ എണ്ണ വിപണിവിലയ്ക്കു വിൽക്കുമെന്നും അതുവഴി ലഭിക്കുന്ന പണം യുഎസ് പ്രസിഡന്റ് എന്ന നിലയിൽ താൻ നിയന്ത്രിക്കുമെന്നും അത് വെനസ്വേലയിലെ ജനങ്ങളുടെയും അമേരിക്കയുടെയും പ്രയോജനത്തിനായി ഉപയോഗിക്കുമെന്നും ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ട്രംപ് പറഞ്ഞു.

റിപ്പബ്ലിക്കൻ നേതാവ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിനോട് ഈ പദ്ധതി ഉടനടി നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ‘വെനസ്വേലയിലെ ഇടക്കാല അധികാരികൾ 30 നും 50 ദശലക്ഷം ബാരലിനും ഇടയിൽ ഉയർന്ന നിലവാരമുള്ള, ഉപരോധത്തിലുള്ള എണ്ണ അമേരിക്കയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്. ഈ എണ്ണ അതിന്റെ വിപണി വിലയ്ക്ക് വിൽക്കും. ആ പണം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നിയന്ത്രിക്കും. വെനസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ പ്രയോജനത്തിനായി അത് ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ! ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിനോട് ഈ പദ്ധതി ഉടനടി നടപ്പാക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംഭരണ കപ്പലുകൾ വഴി കൊണ്ടുപോകുകയും അമേരിക്കയിലെ അൺലോഡിംഗ് ഡോക്കുകളിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി!’ കുറിപ്പിൽ ട്രംപ് പറഞ്ഞു.

സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറയെയും പിടികൂടി യുഎസിലെത്തിച്ചതിനു ശേഷമുള്ള ട്രംപിന്റെ ഏറ്റവും പുതിയ നീക്കമാണിത്. ട്രംപ് പറഞ്ഞ എണ്ണയുടെ അളവ് യുഎസ് ഉപരോധത്തിന് മുമ്പുള്ള വെനസ്വേലയുടെ ഏകദേശം 30 മുതൽ 50 ദിവസത്തെ എണ്ണ ഉത്പാദനത്തിന് തുല്യമായിരിക്കും. ഈ എണ്ണ 2.8 ബില്യൺ ഡോളറിലധികം വിലമതിക്കുമെന്നും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

ദിനംപ്രതി 1.38 കോടി ബാരൽ എണ്ണ യുഎസ് ഉത്പാദിപ്പിക്കുന്നുണ്ട്. വലിയ അളവിൽ വെനസ്വേലയിൽ എണ്ണശേഖരമുണ്ടെന്നും ഇതിലാണ് അമേരിക്കയുടെ കണ്ണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ 1970-കളിൽ വലിയ തോതിൽ എണ്ണ ഉൽപ്പാദനം നടത്തിയിരുന്ന വെനസ്വേലയിൽ ഉപരോധത്തെയും മറ്റും തുടർന്ന് ഉൽപ്പാദനം നന്നേ കുറഞ്ഞിരുന്നു. വെനസ്വേലയുടെ വിപുലമായ എണ്ണശേഖരം അമേരിക്കൻ ഊർജ്ജ കമ്പനികൾക്ക് തുറന്നുനൽകാൻ യുഎസ് കടുത്ത സമ്മർദ്ദം നടത്തുന്നുണ്ട്.

അതിനിടെ, വെനസ്വേലയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഊർജ്ജ കമ്പനി എക്‌സിക്യൂട്ടീവുകളുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച സംഘടിപ്പിക്കും. ഷെവ്‌റോൺ, എക്‌സോൺ, കോണോക്കോഫിലിപ്‌സ് എന്നിവയുടെ പ്രതിനിധികൾ ചർച്ചയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. തന്റെ വിധി അവരല്ല, ദൈവമാണ് നിർണ്ണയിക്കുന്നതെന്നാണ് വ്യക്തിപരമായി തന്നെ ഭീഷണിപ്പെടുത്തുന്നവരോട് പറയാനുള്ളതെന്നു വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button