വെനസ്വേല ഇനി അമേരിക്ക ഭരിക്കും; മഡൂറോയെയും ഭാര്യയെയും വിചാരണ നേരിടണം : ട്രംപ്

ന്യൂയോര്‍ക്ക് : വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തും. ജനാധിപത്യ സര്‍ക്കരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെ അമേരിക്ക ഭരണം നടത്തും. യുഎസ് കസ്റ്റഡിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ലോറസും അമേരിക്കയില്‍ വിചാരണ നേരിടണമെന്നും ട്രംപ് പറഞ്ഞു.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ അമേരിക്ക ആധിപത്യം പുന:സ്ഥാപിച്ചെന്നും ട്രംപ് പറഞ്ഞു. ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. വെനസ്വേലയില്‍ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയാ ഫ്‌ളോറസിനേയും ന്യൂയോർക്കിൽ എത്തിച്ചു. യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരേയും വഹിച്ചുകൊണ്ടുള്ള വിമാനം ന്യൂയോർക്കിലെ ന്യൂബർഗിലുള്ള സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ ലാൻഡ് ചെയ്തത്. ഗ്വാണ്ടനാമോയിലെത്തിച്ചശേഷം മഡുറോയേയും ഭാര്യയേയും യുഎസ്സിന്റെ സൈനികവിമാനത്തിൽ ന്യൂയോർക്കിലേക്ക് കൊണ്ടുവരികയായിരുന്നു.
സ്റ്റ്യുവർട്ട് എയർഫോഴ്‌സ് ബേസിൽ നിന്ന് ഇരുവരേയും ഹെലികോപ്റ്റർ മാർഗം മാൻഹാട്ടനിലേക്ക് കൊണ്ടുപോകും. മാൻഹാട്ടനിലെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ ന്യൂയോർക്ക് സിറ്റിയിലെ ആസ്ഥാനത്തേക്കാണ് മഡുറോയേയും ഭാര്യയേയും കൊണ്ടുപോകുക. ഇവിടെ വെച്ച് മഡുറോയെയും ഭാര്യയെയും ചോദ്യം ചെയ്യും. തുടർന്ന് ഇരുവരേയും ഹെലികോപ്റ്ററിൽ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ എത്തിക്കും. അവിടെയാണ് വെനസ്വേലൻ പ്രസിഡന്റിനേയും ഭാര്യയേയും തടവിൽ പാർപ്പിക്കുക എന്നാണ് റിപ്പോർട്ട്.
‘നാർക്കോ-ഭീകരവാദം’, കൊക്കെയ്ൻ ഇറക്കുമതിക്കുള്ള ഗൂഢാലോചന, അതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ എന്നിവയുടെ പേരിൽ ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്റ്റിൽ നിക്കോളാസ് മഡുറോയെ പ്രതിചേർത്തിരുന്നു. അതീവ രഹസ്യമായിട്ടാണ് വെനസ്വേലയിൽ കടന്നുകയറി അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സ് പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ പിടികൂടിയത്. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും യുഎസ് ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മഡൂറോയെ മോചിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.



