താരിഫുകളിൽ കുറവ് നൽകിയാൽ ചൈന 15 മിനിറ്റിനുള്ളിൽ ടിക് ടോക്ക് ഇടപാട് അംഗീകരിക്കും : ട്രംപ്

വാഷിങ്ടൺ : ടിക് ടോക്കിന്റെ വിൽപ്പന കരാറിന് ചൈന തയ്യാറായിരുന്നുവെന്നും എന്നാൽ താരിഫുകൾ ഏർപ്പെടുത്തിയതിനാൽ അതിൽ നിന്നും പിന്മാറിയെന്നും ട്രംപ് വ്യക്തമാക്കി.
എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ തീരുവയിൽ കുറവ് വരുത്തിയിരുന്നെങ്കിൽ ചൈന 15 മിനിറ്റിനുള്ളിൽ കരാറിന് അംഗീകാരം നൽകുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
ടിക് ടോക്കിനായി ഞങ്ങൾക്ക് കരാർ ഉണ്ടായിരുന്നു. തുടർന്ന് താരിഫ് കാരണം ചൈന കരാറിൽ നിന്ന്മാറി. ഞാൻ താരിഫുകളിൽ അല്പം കുറവ് നൽകിയാൽ ചൈന 15 മിനിറ്റിനുള്ളിൽ ആ കരാർ അംഗീകരിക്കും. ഇത് താരിഫുകളുടെ ശക്തി കാണിച്ചുതരികയാണെന്ന് ട്രംപ് വ്യക്തമാക്കി.
ടിക് ടോക്കിനെ സംരക്ഷിക്കാനുള്ള കരാറില്‍ ഏര്‍പ്പെടാന്‍ തന്റെ ഭരണകൂടം വളരെയധികം കഠിനാധ്വാനം ചെയ്തുവരികയാണ്. ടിക്ടോക്ക് 75 ദിവസത്തേക്ക് കൂടി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുകയാണെന്നും ട്രംപ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച ചൈനക്ക് 34 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ യു.എസിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും പരസ്പരം 34 ശതമാനം തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. തന്‍റെ തീരുമാനത്തിൽ ചൈന അസ്വസ്ഥരാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ന്യായവും സന്തുലിതവുമായ വ്യാപാരം ഉറപ്പാക്കുന്നതിന് ഈ താരിഫുകൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ വക്താവ് യു.എസ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കരാറിന് ഇതുവരെ അന്തിമരൂപം ലഭിച്ചിട്ടില്ല. അതിന് ചൈനീസ് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
അമേരിക്കയിൽ 170 മില്യണ്‍ ഉപേഭാക്താക്കളുണ്ടായിരുന്ന ടിക്കടോക്കിന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് യു.എസില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ട്രംപ് അധികാരത്തില്‍ വന്നതോടെ ചില നിബന്ധനകളോടെ ടിക് ടോക്കിന് കുറച്ച് ദിവസങ്ങളേക്ക് പ്രവര്‍ത്തനാനുമതി നൽകിയിരുന്നു