അന്തർദേശീയം

കാനഡയുമായി ഉഭയകക്ഷി വ്യാപാര കരാറിൽ നടന്നുവന്നിരുന്ന എല്ലാ ചർച്ചകളും ഇവിടെ അവസാനിക്കുന്നു : ട്രംപ്

വാഷിംഗ്ടൺ ഡിസി : കാനഡയുമായി ഉഭയകക്ഷി വ്യാപാര കരാറിൽ നടന്നുവന്നിരുന്ന എല്ലാ ചർച്ചകളും നിർത്തിവെച്ചതായി ട്രംപ്. മുൻ യു.എസ് പ്രസിഡന്റ് ​റൊണാൾഡ് റീഗൻ താരിഫിനെ വിമർശിക്കുന്ന ദൃശ്യങ്ങൾ കാനഡ തങ്ങളുടെ ക്യാമ്പയിനിൽ ഉപയോഗിച്ചത് ചൂണ്ടിയാണ് നടപടി.

‘റൊണാൾഡ് റീഗൻ താരിഫിനെതിരെ സംസാരിക്കുന്ന തരത്തിൽ കാനഡ കുടിലതയോടെ ഒരു പരസ്യം നൽകി, അത് വ്യാജമാണെന്ന് ​റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്,’ ​ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.

‘യു.എസ് സുപ്രീംകോടതിയെയും മറ്റ് കോടതികളെയും സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണ് ഇത് ചെയ്തത്. ദേശസുരക്ഷക്കും യു.എസിന്റെ സമ്പത് വ്യവസ്ഥക്കും താരിഫ് നിർണായകമാണ്. പ്രകോപനപരമായ നടപടികൾ കണക്കിലെടുത്ത് കാനഡയുമായി നടത്തിവന്നിരുന്ന എല്ലാ വ്യാപാര ചർച്ചകളും നിർത്തിവെക്കുന്നു,’ ട്രംപ് കൂട്ടിച്ചേർത്തു.

മുൻ യു.എസ് പ്രസിഡന്റും റിപ്പബ്ളിക്കൻ നേതാവുമായിരുന്ന റൊണാൾഡ് റീഗന്റെ പരാമർശങ്ങൾ ഉൾപ്പെടുത്തി താരിഫിനെതിരെ കാനഡ പുറത്തിറക്കിയ പരസ്യത്തെ ചൊല്ലിയാണ് വിവാദം. സെമികണ്ടക്ടറുകളെച്ചൊല്ലിയുള്ള വ്യാപാര തർക്കത്തെത്തുടർന്ന് ജാപ്പനീസ് ഇലക്ട്രോണിക്‌സിന് 100 ശതമാനം തീരുവ ചുമത്തുന്നതിനെ ന്യായീകരിക്കാൻ റീഗൻ 1987-ൽ നടത്തിയ റേഡിയോ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള പരസ്യം.

താരിഫ് അമേരിക്കൻ വിപണിയിൽ ദീർഘകാലത്തേക്ക് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും പ്രഭാഷണത്തിൽ റീഗൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

‘ഉയർന്ന താരിഫ് വിദേശ രാജ്യങ്ങളിൽ നിന്നുളള തിരിച്ചടികളിലേക്ക് നയിക്കും. അത് വ്യാപാരയുദ്ധങ്ങളിലേക്ക് വഴിവെക്കും. അതിന് പിന്നാലെ വിപണികൾ ചുരുങ്ങുകയും തകരുകയും ചെയ്യും. വ്യാപാരങ്ങളും വ്യവസായങ്ങളും അടച്ചുപൂട്ടുകയും ദശലക്ഷക്കണക്കിന് ആളുകൾ തൊഴിൽരഹിതരാവുകയും ​ചെയ്യും,’ റീഗൻ പറയുന്നു.

ന്യൂസ്മാക്സിലും ബ്ലൂംബെർഗിലുമാണ് പരസ്യം സംപ്രേഷണം ചെയ്തത്.

താൻ റൊണാൾഡ് റീഗന്റെ ഒരു വലിയ ആരാധകനാ​ണെന്നായിരുന്നു പരസ്യം പ്രഖ്യാപിച്ച് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ പ്രതികരണം. തങ്ങൾ 75 ദശലക്ഷം ഡോളർ ചിലഴിച്ചാണ് പരസ്യം പുറത്തിറക്കുന്നതെന്നും ഇത് റിപ്പബ്ളിക്കൻ വിഭാഗത്തി​ന്റെ ശക്തികേന്ദ്രങ്ങളായ സ്ഥലങ്ങളിലൊക്കെ ആവർത്തിച്ച് പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നേരത്തെ, കാനഡയിൽ നിന്നുളള കയറ്റുമതിക്ക് 25 ശതമാനവും ഊർജ്ജ ഉൽ‌പന്ന കയറ്റുമതിക്ക് 10 ശതമാനവും യു.എസ് തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി, യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് കാനഡയും താരിഫ് ഏർപ്പെടുത്തി തിരിച്ചടിച്ചു.

ഒക്ടോബർ ആദ്യവാരം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ യു.എസ് സന്ദർശനത്തോടെയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാര ചർച്ചകൾക്ക് വഴി തുറന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button