അന്തർദേശീയം

സൊഹ്റാന്‍ മംദാനിയുടെ വിജയ പ്രസംഗത്തിന് മറുപടിയുമായി ട്രംപ്

വാഷിങ്ടണ്‍ ഡിസി : ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ സൊഹ്റാന്‍ മംദാനി നടത്തിയ വിജയ പ്രസം​ഗത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോ​ഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ആന്റ് സോ ഇറ്റ്സ് ബി​ഗിൻസ് എന്ന് ട്രംപ് കുറിച്ചു. ട്രംപിനെ വളർത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു എന്ന് മംദാനി പറ‍ഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മറുപടി പോസ്റ്റ്.

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്റാന്‍ മംദാനി വിജയിച്ചതിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉളളതെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപ് ഉണ്ടായിരുന്നില്ലെന്നതും സർക്കാരിന്‍റെ അടച്ചൂപൂട്ടലും (ഗവൺമെന്റ് ഷട്ട്ഡൗൺ) തിരിച്ചടിയായെന്ന നിലയ്ക്കാണ് ട്രംപിന്‍റെ പോസ്റ്റ്. റിപ്പബ്ലിക്കൻമാരെ, ഈ ദീര്‍ഘപ്രസംഗം അവസാനിപ്പിച്ച് നിയമസഭയിലേക്ക് മടങ്ങുക എന്നും ട്രംപ് കുറിച്ചു.

ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ പിന്തുണച്ചവർക്ക് മംദാനി നന്ദി അറിയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമർശിച്ചുകൊണ്ടായിരുന്നു മംദാനിയുടെ പ്രതികരണം. ട്രംപിനെ വളര്‍ത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോല്‍പ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുവെന്ന് മംദാനി പരിഹസിച്ചു. തന്റെ പ്രസംഗം ട്രംപ് കേള്‍ക്കുന്നുണ്ടെന്ന് അറിയാമെന്നും ശബ്ദം കൂട്ടിവെച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു. ‘ട്രംപിനെ പോലുള്ള ശതകോടീശ്വരന്‍മാര്‍ക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകള്‍ ചൂഷണം ചെയ്യാനും അനുവദിക്കുന്ന അഴിമതി സംസ്‌കാരം അവസാനിപ്പിക്കും. യൂണിയനുകളുടെ ഒപ്പം ഞങ്ങള്‍ നില്‍ക്കും. തൊഴില്‍ സംരക്ഷണം വികസിപ്പിക്കും’, മംദാനി പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് നിലനിർത്തി മംദാനി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വൻ വിജയം കൈവരിച്ചിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനുമാണ് മംദാനി. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം മതവിഭാ​ഗത്തിൽ നിന്നും ഒരു ഒരാൾ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോര്‍ക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് മംദാനി.

തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം സൊഹ്‌റാന്‍ മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുക്കാരൻ മേയറായി വിജയിച്ചാൽ ന്യൂയോര്‍ക്ക് ന​ഗരത്തിന് അത് വലിയ വിപത്താകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നിരുന്നാലും പ്രവചനങ്ങളെല്ലാം മംദാനിക്ക് അനുകൂലമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button