അന്തർദേശീയം

കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കിയാൽ അത് എത്ര മഹത്തായ രാഷ്ട്രമായിരിക്കും : ഡൊണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് : കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച് മണിക്കൂറുകള്‍ക്കകമാണ് ഡൊണള്‍ഡ് ട്രംപിന്റെ വാഗ്ദാനം.

ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 53 കാരനായ ട്രൂഡോ തിങ്കളാഴ്ച രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ലിബറല്‍ പാര്‍ട്ടിയുടെ നീക്കം.

ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി അറിയിച്ചു.

പ്രസിഡന്റ് സ്ഥാനത്ത് 2017 മുതല്‍ 2021 വരെയുള്ള ആദ്യ കാലയളവിലും ട്രൂഡോയുമായി നല്ല ബന്ധത്തിലായിരുന്നില്ല ട്രംപ്. നവംബര്‍ 5 ന് മാര്‍-എ-ലാഗോയില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയിലാണ് കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാനുള്ള ആശയം ട്രംപ് മുന്നോട്ടുവച്ചത്. അതിനുശേഷം, ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഇത് പലതവണ പരാമര്‍ശിച്ചു.

”കാനഡയിലെ പലരും 51-ാമത്തെ സംസ്ഥാനമാകാന്‍ ഇഷ്ടപ്പെടുന്നു. കാനഡയ്ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ വലിയ വ്യാപാരക്കമ്മിയും സബ്സിഡിയും ഇനി അമേരിക്കയ്ക്ക് സഹിക്കാന്‍ കഴിയില്ല. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇത് അറിയാമായിരുന്നു, അദ്ദേഹം രാജിവച്ചു,’- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

”കാനഡ യുഎസില്‍ ലയിച്ചാല്‍, താരിഫുകള്‍ ഉണ്ടാകില്ല, നികുതികള്‍ വളരെയധികം കുറയും, കൂടാതെ അവരെ ചുറ്റിപ്പറ്റിയുള്ള റഷ്യന്‍, ചൈനീസ് കപ്പലുകളുടെ ഭീഷണിയില്‍ നിന്ന് അവര്‍ പൂര്‍ണ്ണമായും സുരക്ഷിതരായിരിക്കും. ഒരുമിച്ച്, എത്ര മഹത്തായ രാഷ്ട്രമായിരിക്കും അത്”- ട്രൂഡോയുടെ രാജിക്ക് ശേഷം ട്രംപ് പറഞ്ഞു.

ട്രംപിന്റെ നിര്‍ദ്ദേശത്തോട് കാനഡയുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. യുഎസുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ നിന്നുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് കാനഡയ്ക്ക് തടയാന്‍ കഴിയുന്നില്ലെങ്കില്‍ കനേഡിയന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button