ട്രംപ് – പുടിൻ ബുഡാപെസ്റ്റ് കൂടിക്കാഴ്ച റദ്ദാക്കി

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാകില്ല. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് കൂടിക്കാഴ്ച റദ്ദാക്കാൻ തീരുമാനിച്ചത്. പുടിനുമായി പാഴായ കൂടിക്കാഴ്ച താൻ ആഗ്രഹിക്കുന്നില്ലെന്നും സമയം പാഴാക്കാൻ താൽപ്പര്യമില്ലെന്നുമാണ് ട്രംപ് മാധ്യമ പ്രവർത്തരോട് പ്രതികരിച്ചത്.
അതേസമയം ആഗസ്തിൽ റഷ്യക്കുമേൽ സമ്മർദം ശക്തമാക്കാനും ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് ട്രംപ് നേരിട്ട് ക്ഷണിച്ചുവരുത്തി നടത്തിയ ചർച്ചയിൽ പുടിനായിരുന്നു മേൽക്കൈ. ഉക്രയ്‌ൻ യുദ്ധം സംബന്ധിച്ച് ധാരണയായില്ലെങ്കിലും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാഷ്‌ട്രങ്ങൾക്കുമേൽ പ്രഖ്യാപിച്ച അധിക തീരുവ പ്രാബല്യത്തിലാക്കുന്നത് നീട്ടിവയ്‌ക്കാൻ അമേരിക്ക നിർബന്ധിതമായി. പ്രഖ്യാപിച്ച ഉപരോധങ്ങൾ ഒഴിവാക്കിയതും റഷ്യക്ക് നേട്ടമായി. ഉക്രയ്‌ൻ വിഷയത്തിൽ പാശ്ചാത്യരാഷ്‌ട്രങ്ങൾ ഒന്നടങ്കം ഭ്രഷ്‌ട് കൽപ്പിച്ച പുടിനെ ട്രംപ് ക്ഷണിച്ചുവരുത്തി നേരിട്ട് ചർച്ച നടത്തിയതും റഷ്യക്കുള്ള അംഗീകാരമായി.