സ്റ്റുഡന്റ് വിസകള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്താനൊരുങ്ങി ട്രംപ്

വാഷിങ്ടണ്‍ ഡിസി : അധികാരത്തിലേറിയതിനു പിന്നാലെ ഒന്നിന് പിറകെ ഒന്നായി വിവാദ നടപടികള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടരുമ്പോള്‍ ഏറ്റവുമധികം പ്രതിസന്ധിയിലാകുന്ന വിഭാഗങ്ങളിലൊന്നാണ് വിദേശ വിദ്യാര്‍ഥികള്‍. ഇപ്പോഴിതാ സ്റ്റുഡന്റ് വിസകള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും എത്ര കാലം രാജ്യത്ത് തങ്ങാനാകുമെന്നത് പുനര്‍നിശ്ചയിക്കാന്‍ കഴിയുന്ന വിവാദ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് വിസ കാലപരിധിയും ഏര്‍പ്പെടുത്തുന്നത്. 2020-ല്‍ തന്റെ ആദ്യ ഭരണകാലത്ത് ട്രംപ് നിര്‍ദേശിച്ച പദ്ധതികൂടിയാണിത്. നിലവിലുള്ള ഫ്‌ളക്‌സിബിള്‍ സ്റ്റുഡന്റ് വിസ സമ്പ്രദായത്തിന് പകരം വിദ്യാര്‍ഥികള്‍ക്ക് ഒരു നിശ്ചിത കാലയളവ് താമസം മാത്രം അനുവദിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നിയമം അംഗീകരിക്കപ്പെട്ടാല്‍ ഓരോ വിദേശ വിസയ്ക്കും ഒരു നിശ്ചിതകാലയളവ് ഉണ്ടാകും. അതായത് ഒരു എക്‌സ്പയറി ഡേറ്റുണ്ടാകുമെന്ന് ചുരുക്കം.
നിലവില്‍ എഫ്-1 വിസ കൈവശമുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും ജെ-1 വിസയിലുള്ള സന്ദര്‍ശകര്‍ക്കും മുഴുവന്‍ സമയ എന്റോള്‍മെന്റ് നിലനിര്‍ത്തുന്നിടത്തോളം കാലം യുഎസില്‍ തങ്ങാനാകും. എന്നാല്‍ പുതിയ നിര്‍ദേശം നടപ്പായാല്‍ ഇവര്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമേ യുഎസില്‍ താമസിക്കാന്‍ സാധിക്കൂ. ഇതോടെ ഇവര്‍ ഇടയ്ക്കിടെ കാലാവധി നീട്ടലിനായി അപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും.
വിദേശ വിദ്യാര്‍ഥികളുടെ വിസ അഭിമുഖങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ അടുത്തിടെയാണ് ട്രംപ് ഭരണകൂടം ഉത്തരവിട്ടത്. യുഎസില്‍ പഠിക്കാനെത്തുന്ന വിദേശവിദ്യാര്‍ഥികളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കുന്നതിനുകൂടി വേണ്ടിയായിരുന്നു ഇത്.