അന്തർദേശീയം

ശതകോടി ഡോളർ മൂല്യമുള്ള സൗദി അറേബ്യ- യുഎസ് ആണവ കരാർ പ്രാബല്യത്തിലാക്കാൻ നീക്കവുമായി ട്രംപ്

വാഷിങ്ടൺ ഡിസി : ഡൊണൾഡ് ട്രംപിന്റെ മുൻകൈയിൽ സൗദി അറേബ്യയും യുഎസും തമ്മിലുള്ള ആണവ കരാർ പ്രാബല്യത്തിലാക്കാൻ നീക്കം. കരാര്‍ പ്രകാരം സൗദി അറേബ്യക്ക് സ്വന്തം രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണ സൗകര്യം ലഭ്യമാകുമെന്ന് യുഎസ് കോൺഗ്രസ് രേഖകളും ആണവായുധ നിയന്ത്രണ വിദഗ്ധരും വ്യക്തമാക്കുന്നു. യുറേനിയം സമ്പുഷ്ടീകരണം ആണവ ആയുധ നിർമ്മാണത്തിലേക്ക് കടക്കാനുള്ള ആദ്യ പടിയായാണ്.

ട്രംപ്, ബൈഡൻ ഭരണകൂടങ്ങൾ നേരത്തെ തന്നെ സൗദി അറേബ്യയുമായി ആണവ സാങ്കേതിക കൈമാറ്റ കരാർ ഒപ്പിടാൻ ശ്രമിച്ചിരുന്നു. കരാർ പ്രകാരം ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയുടെ ആണവ ഏജൻസിയായ IAEA-യുമായി സുരക്ഷ കരാറിൽ ഏർപ്പെടും. ഇതിൽ യുറേനിയം സമ്പുഷ്ടീകരണം, ഇന്ധന നിർമ്മാണം, പുനഃസംസ്കരണം എന്നിവ ഉൾപ്പെടുന്നതായും രേഖകൾ സൂചിപ്പിക്കുന്നു.

ട്രംപ് ഭരണകൂടം ലോകമൊട്ടാകെ 20 ആണവ വ്യാപാര കരാറുകൾ ലക്ഷ്യമിടുന്നുണ്ട്. ഇതിൽ സൗദി അറേബ്യയുമായുള്ള ഉടമ്പടിയാണ് ഏറ്റവും വലുതും നിര്‍ണ്ണായകമായതും. ശതകോടി ഡോളറുകളുടെ മൂല്യമുള്ള ഇടപാടാണ് സ്വന്തമാക്കാനിരിക്കുന്നത്. ഒരേ സമയം ആണവ നിലയങ്ങൾ മുൻനിര്‍ത്തി നിയന്ത്രണം ആവശ്യപ്പെട്ട് ആക്രമണത്തിന് ഒരുങ്ങുകയും മറുവശത്ത് ആണവീകരണ സഹായം വാഗ്ദ്ധാനം ചെയ്ത് വ്യാപാര കരാറുകൾ ഉറപ്പിക്കുകയുമാണ്.

ഈ കരാർ ഒരിക്കൽ നിലവിൽ വന്നുകഴിഞ്ഞാൽ സൗദി അറേബ്യക്ക് യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ കൈക്കലാക്കാനുള്ള വഴി തുറക്കുമെന്ന് വാഷിങ്ടൺ ആസ്ഥാനമായ ആംസ് കൺട്രോൾ അസോസിയേഷന്റെ ആണവ നിരായുധീകരണ നയ ഡയറക്ടർ കെൽസി ഡേവൻപോർട്ട് അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും സൗദിക്ക് കരാര്‍ പ്രകാരം സമ്പുഷ്ടീകരണ ശേഷി ലഭ്യമാകുമെന്ന് ഏതാണ്ട് ഉറപ്പാണെന്നും അവർ ചൂണ്ടികാട്ടി.

ഇറാനുമായുള്ള ആണവ പ്രതിസന്ധി രൂക്ഷമായി യുദ്ധ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് കരാര്‍ പുരോഗമിക്കുന്നത്. ഈ കരാറിനെ കുറിച്ച് മധ്യേഷ്യയിലെ ഏക ആണവ ശക്തിയെന്ന അവകാശവുമായി നിൽക്കുന്ന ഇസ്രയേൽ എങ്ങിനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. കരാര്‍ സംബന്ധിച്ച വാര്‍ത്താ ഏജൻസികളുടെ ചോദ്യങ്ങൾക്ക് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൗദിയുടെ അയൽരാജ്യമായ യുഎഇ അമേരിക്കയുമായുള്ള ‘123’കരാറിൽ ഏർപ്പെട്ടത് യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കിക്കൊണ്ടായിരുന്നു. ദക്ഷിണ കൊറിയൻ സഹായത്തോടെ സിവിൽ ആവശ്യങ്ങൾക്കുള്ള നിലയം എന്ന നിലയ്ക്കാണ് ഇത് സാധ്യമാക്കിയത്. ആണവ വ്യാപന നിരോധന വിദഗ്ധർ ഇതിനെ “ഗോൾഡ് സ്റ്റാൻഡേർഡ്”എന്ന പേരിലാണ് ഉദ്ധരിക്കാറ്. എന്നാൽ ഈ മാതൃക പിന്തുടരുന്നതല്ല സൗദിയുമായുള്ള വ്യാപാര കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകൾ.

സൗദി അറേബ്യയുമായി യുഎസ് ഒരു സിവിൽ ആണവ കരാർ ആസൂത്രണം ചെയ്യുന്നതായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയെക്കുറിച്ച് യു എസ് കോൺഗ്രസിൽ പ്രഖ്യാപിച്ചിരുന്നത്. ആണവായുധങ്ങൾ തടയുന്നതിന് സാധാരണയായി ഉൾപ്പെടുത്താറുള്ള സുരക്ഷാ ഉപാധികൾ അതിൽ ബാധ്യപ്പെടുത്തിയതായി വ്യക്തതയില്ല.

കഴിഞ്ഞ വർഷം ഇസ്രയേൽ ഖത്തറിൽ പ്രവേശിച്ച് ഹമാസ് നേതാക്കൾക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ സൗദി അറേബ്യ പാകിസ്ഥാനുമായി പരസ്പര പ്രതിരോധ ഉടമ്പടി ഒപ്പുവെച്ചിരുന്നു. ആവശ്യം വന്നാൽ തങ്ങളുടെ ആണവ ശേഷി സൗദിക്ക് ലഭ്യമാക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി അന്ന് പ്രഖ്യാപിച്ചു.

ഇറാൻ ആണവ ബോംബ് നേടിയാൽ “ഞങ്ങൾക്കും ഒന്ന് ഉണ്ടാകണം”എന്ന് സൗദി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ വര്‍ഷങ്ങൾക്ക് മുൻപ് തന്നെ പരസ്യ പ്രഖ്യാപനം നടത്തി. യുറേനിയം സമ്പുഷ്ടീകരണവും വിൽപ്പനയും ആരംഭിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ് കഴിഞ്ഞ വര്‍ഷം ജനുവരിയിൽ ദഹ്‌റാനിൽ നടന്ന ഒരു സമ്മേളനത്തിൽ ആവര്‍ത്തിച്ചു.

അറബ് ലോകത്തിലെ ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ആണവോർജ്ജ പ്ലാന്റ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) യിലാണ് സ്ഥിതി ചെയ്യുന്നത്. യുറേനിയം സമ്പുഷ്ടമാക്കില്ലെന്നും ഉപയോഗിച്ച ഇന്ധനം വീണ്ടും സംസ്കരിക്കില്ലെന്നും യുഎഇ പ്രതിജ്ഞയെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button