പെന്റഗണിൻറെ പേര് മാറ്റാൻ ഒരുങ്ങി ട്രംപ്

വാഷിംഗ്‌ടൺ ഡിസി : അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിന്റെ ആസ്ഥാനമായ പെന്റഗണിന്റെ പേര് മാറ്റാൻ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പെന്റഗൺ എന്ന പേര് മാറ്റി ഡിപ്പാർട്മെന്റ് ഓഫ് വാർ അഥവാ യുദ്ധവിഭാഗം എന്ന പേരിന് അനുമതി നൽകാനൊരുങ്ങുകയാണ് ട്രംപ്. പേര് മാറ്റം യുഎസ് കോൺഗ്രസ് ചേരാതെ, ട്രംപ് തന്റെ ഔദ്യോഗിക തീരുമാനത്തിലൂടെയാണ് നടപ്പിൽ വരുത്തുന്നത്.
യുദ്ധ വിഭാഗം എന്ന പുതിയ പേര് രണ്ടാമത്തെ തലവാചകമായിരിക്കും എന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്. എന്നാൽ അമേരിക്കയുടെ മറ്റ് ഔദ്യോഗിക വിഭാഗങ്ങൾ പെന്റഗണിനെ യുദ്ധവിഭാഗം എന്നായിരിക്കും അഭിസംബോധന ചെയ്യുക. പ്രതിരോധ സെക്രട്ടറിയായ പീറ്റ് ഹെഗ്സെത്ത് സെക്രട്ടറി ഓഫ് വാർ എന്നായിരിക്കും അറിയപ്പെടുകയെന്നും ഭരണകൂടം കൂട്ടിചേർത്തു.
ഡോണൾഡ് ട്രംപും പീറ്റ് ഹെഗ്സെത്തും കഴിഞ്ഞ ഏതാനും ആഴ്ചകളായി പെന്റഗണിന്റെ പേര് മാറ്റാൻ പരസ്യമായി തന്നെ ശ്രമിച്ചിരുന്നു. എന്നാൽ ഔദ്യോഗിക അറിയിപ്പിലൂടെയുള്ള ഈ താൽക്കാലിക പേര് മാറ്റത്തിന് പകരം സ്ഥിരമായി യുദ്ധ വിഭാഗം എന്ന പേര് സ്വീകരക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ഹെഗ്സെത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്.
‘യുദ്ധവിഭാഗം ആയിരുന്നപ്പോൾ നമുക്ക് അവിശ്വസനീയമായ ഒരു ചരിത്രം ഉണ്ടായിരുന്നു അത് എല്ലാവർക്കും ഇഷ്ടമാണ്. ശേഷം നമ്മൾ അത് പ്രതിരോധ വിഭാഗം എന്ന് പുനഃർനാമകരണം ചെയ്തു.’ ട്രംപ് പറഞ്ഞു. യുദ്ധവിഭാഗം എന്ന് പേര് മാറ്റുന്നതിന് കോൺഗ്രസിന്റെ അനുമതി തേടുക എന്നത് ഔപചാരികതയാണെന്നുമാണ് ട്രംപ് പ്രതികരിച്ചത്. ‘ഞങ്ങൾ അത് ചെയ്യാൻ പോകുകയാണ്. എനിക്കുറപ്പുണ്ട് കോൺഗ്രസ് അതിന്റെ കൂടെ നിൽക്കുമെന്ന്.’ ട്രംപ് കൂട്ടിചേർത്തു. ഒന്നും രണ്ടും ലോകയുദ്ധവേളയിൽ അമേരിക്കക്ക് യുദ്ധവിഭാഗമായിരുന്നെന്നും, യുദ്ധവിഭാഗത്തിന്റെ കീഴിൽ അവിശ്വസനീയമായ ചരിത്രമായിരുന്നു അമേരിക്കക്ക് ഉണ്ടായിരുന്നതെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.
ഇന്ത്യ-പാകിസ്താൻ യുദ്ധം, റഷ്യ-യുക്രൈൻ യുദ്ധം, ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കയ്യേറ്റങ്ങൾ അവസാനനിപ്പിച്ചു എന്ന വാദം ഉയർത്തുകയും ട്രംപ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ താൻ സമാധാനത്തിനുള്ള നോബേൽ സമ്മാനം അർഹിക്കുന്നുണ്ട് എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, യുദ്ധവിഭാഗം എന്ന പേര് മാറ്റം ട്രംപിന്റെ നോബേൽ സമ്മാനത്തിന് മങ്ങലേൽപ്പിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.