യുഎസിലേക്കുള്ള അഭയാര്‍ഥി പ്രവേശന പരിധി വെട്ടിച്ചുരുക്കി ട്രംപ്

വാഷിങ്ടണ്‍ ഡിസി : യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവേശന പരിധി വെട്ടിച്ചുരുക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 7500 പേരാക്കിയാണ് അഭയാര്‍ഥി പ്രവേശന പരിധി നിശ്ചയിച്ചിരിക്കുന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പരിധിയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തെ വിവിധ ഇടങ്ങളിലെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് നിരവധി പേര്‍ പലായനം ചെയ്യുകയാണ്. അതിനാല്‍ രാജ്യം അതിന്റെ അഭയാര്‍ഥി സംവിധാനം വെട്ടിച്ചുരുക്കുന്നു എന്നാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്. സെപ്തംബര്‍ ഒന്ന് തീയതിയിലാണ് ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്.
അഭയാര്‍ഥികളുടെ എണ്ണം 7500 ആയി നിജപ്പെടുത്തുമ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ”എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 14204 അനുസരിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആഫ്രിക്കക്കാര്‍ക്കും അവരുടെ മാതൃരാജ്യത്ത് നിയമവിരുദ്ധമോ അന്യായമോ ആയ വിവേചനത്തിന് ഇരയായവര്‍ക്കുമാണ് പ്രധാനമായും അവസരം അനുവദിക്കുക,” എന്നാണ് പ്രഖ്യാപനം.
കറുത്തവര്‍ഗക്കാര്‍ കൂടുതലുള്ള ദക്ഷിണാഫ്രിക്കയില്‍ വെളുത്ത വര്‍ഗക്കാന്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ട്രംപ് നിരന്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അഭയാര്‍ഥികളിലും ഈ നിലപാട് ആവര്‍ത്തിക്കുന്നത്. അഭയാര്‍ത്ഥികളെ യുഎസിലേക്ക് പ്രവേശിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്ന 1980-ലെ അഭയാര്‍ത്ഥി നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഏറ്റവും ചുരുങ്ങിയ അഭയാര്‍ഥി പരിധിയാണ് ഇത്തവണ പ്രഖ്യാപിച്ചത്.
 
				


