ആഗോള വിശ്വാസ്യത നഷ്ടപ്പെടുന്നു; അപ്രൂവൽ റേറ്റിങ്ങിൽ വൻ ഇടിവ് : റോയിട്ടേഴ്സ് സർവേ

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രൂവൽ റേറ്റിങ് 42 ശതമാനമായി ഇടിഞ്ഞതായി റോയിട്ടേഴ്സ്–ഇപ്സോസ് പോൾ. ജനുവരിയിൽ ട്രംപ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ റേറ്റിങ്ങാണിത്. 47 ശതമാനമായിരുന്ന അപ്രൂവൽ റേറ്റിങ്ങാണ് ഈ മാസം അഞ്ചു ശതമാനം കുറഞ്ഞത്.
ട്രംപിന്റെ നിലപാടുകൾ, രൂക്ഷ നയങ്ങൾ, ഭരണപരിഷ്കാരങ്ങൾ എന്നിവയിൽ പൊതുജനങ്ങൾക്കുള്ള അതൃപ്തിയാണ് ഇടിവിനു കാരണമെന്നാണു വിലയിരുത്തൽ. എന്നിരുന്നാലും, ഭരണകാലത്ത് ബൈഡന് ഉണ്ടായിരുന്നതിനേക്കാൾ ഉയർന്ന ശതമാനമാണിത്. 4,306 പേരാണ് റോയിട്ടേഴ്സ് പുറത്തുവിട്ട പോളിൽ പങ്കെടുത്തത്.
ട്രംപിന്റെ നേതൃത്വത്തിൽ യുഎസിന്റെ ആഗോള വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നാണ് പോളിൽ പങ്കെടുത്ത 59 ശതമാനം ആളുകളും വിശ്വസിക്കുന്നത്. സർവകലാശാലകൾ, നിയമ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തന്റെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങൾ ട്രംപ് നടത്തുന്നതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ട്രംപ് ഫെഡറൽ കോടതി വിധികൾ പാലിക്കണമെന്നാണ് പോളിൽ പങ്കെടുത്ത 83% പേരും അഭിപ്രായപ്പെട്ടത്.
തിയറ്ററുകളും മ്യൂസിയങ്ങളും പോലുള്ള സാംസ്കാരിക സ്ഥാപനങ്ങളെ ട്രംപ് നിയന്ത്രിക്കുന്നതിനെയും സർവകലാശാലകളുടെ ഭരണത്തിലുള്ള വിയോജിപ്പിന്റെ പേരിൽ അവരുടെ ധനസഹായം തടഞ്ഞുവയ്ക്കുന്നതിനെയും റിപബ്ലിക്കൻസ് ഉൾപ്പെടെയുള്ളവർ എതിർക്കുന്നുണ്ട്. കുടിയേറ്റവുമായ ബന്ധപ്പെട്ട ട്രംപിന്റെ നയങ്ങളും പണപ്പെരുപ്പവും നികുതിയും സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിയും ആളുകൾ അംഗീകരിക്കുന്നില്ല.