ബ്രസീലിന് 50 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : ബ്രസീലിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് ഓഗസ്റ്റ് ഒന്നുമുതൽ നടപ്പിൽവരും. ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവയ്ക്കച്ച ‘തീരുവ കത്തി’ലാണ് ഇക്കാര്യം പറയുന്നത്. ബുധനാഴ്ച ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് കത്ത് പുറത്തുവിട്ടു.
ബ്രസീൽ മുൻപ്രസിഡന്റ് ജെയ്‍ർ ബൊൽസൊനാരോയ്ക്കെതിരേയുള്ള നിയമനടപടികൾ അവസാനിപ്പിക്കണമെന്നും ട്രംപ് കത്തിൽ ആവശ്യപ്പെട്ടു. യുഎസിന്റെ തീരുവയ്ക്ക് അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ പ്രഖ്യാപിച്ചു.
ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്‌മയ്‌ക്ക് ശക്തമായ നേതൃത്വം നൽകുന്ന ബ്രസീലിന് മുന്നിൽ തീരുവ ഭീഷണിയുമായുമായും ട്രംപ് രംഗത്തെത്തി. ബ്രസീലിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ ആലോചിക്കുന്നതായി ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഏപ്രിലിൽ ബ്രസീലിനുമേൽ 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ആഗസ്‌ത് ഒന്ന് മുതൽ ഇത് 50 ശതമാനമാക്കി കുത്തനെ കൂട്ടുമെന്നാണ് പ്രഖ്യാപനം.
തന്റെ സുഹൃത്തും ബ്രസീൽ മുൻ പ്രസിഡന്റുമായ ജെയ്‌ർ ബോൾസനാരോയ്‌ക്കെതിരെ തുടരുന്ന നിയമനടപടികളിലുള്ള അതൃപ്‌തികൂടിയാണ് ട്രംപ് പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ബോൾസനാരോയ്‌ക്കെതിരെ ഇപ്പോൾ നടക്കുന്ന വിചാരണ നടപടികൾ അന്താരാഷ്‌ട്ര സമൂഹത്തിന് നാണക്കേടാണെന്നും വിചാരണ അവസാനിപ്പിക്കണമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ബ്രസീലിന് പുറമെ അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണെയ്‌ക്കും മോൾഡോവക്കും 25 ശതമാനവും, ഫിലിപ്പീൻസിന് 20 ശതമാനവും തീരുവ യുഎസ് ചുമത്തും. ഈ രാജ്യങ്ങൾക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകളും ട്രംപ് പുറത്തുവിട്ടു.