അന്തർദേശീയം

ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ ഗൂഢാലോചനയും അട്ടിമറി നീക്കവും : ട്രംപ്

വാഷിങ്ൺ ഡിസി : ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ എത്തിയ താന്‍ മൂന്ന് ദുരൂഹസംഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സംഘടനയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അട്ടിമറി നീക്കമാണെന്നും ട്രംപ് ആരോപിച്ചു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഐക്യരാഷ്ട്ര സംഘടനയില്‍ എത്തിയ തനിക്ക് ഒരേ ദിവസം മൂന്ന് അപകടങ്ങള്‍ സംഭവിച്ചതില്‍ താന്‍ അസ്വസ്ഥനാണ്. എസ്‌കലേറ്ററില്‍ വച്ചായിരുന്നു ആദ്യ സംഭവം, താനും ഭാര്യയും മുകളിലേക്ക് പോകുന്നതിനിടെ എസ്‌കലേറ്റര്‍ നിലച്ചു. ഇത് ഒരു അട്ടിമറി നീക്കമാണ്. തുടര്‍ന്ന് താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായി. മൂന്നാമതായി താന്‍ നടത്തിയ പ്രസംഗം ഭാര്യ മെലാനിയ ഉള്‍പ്പെടെ പലര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ലെന്നും ഇയര്‍പീസുകളില്‍ തകരാര്‍ ഉണ്ടായതായും ട്രംപ് ആരോപിച്ചു. സംഭവത്തിന് പിന്നിലെ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

‘സംഭവിച്ചതൊന്നും യാദൃച്ഛികമല്ല, ഇത് യുഎന്നില്‍ നടന്ന മൂന്ന് അട്ടിമറിയാണ്. അവര്‍ സ്വയം ലജ്ജിക്കണം. ഈ കത്തിന്റെ ഒരു പകര്‍പ്പ് ഞാന്‍ സെക്രട്ടറി ജനറലിന് അയയ്ക്കുന്നു. സംഭവത്തില്‍ അടിയന്തര അന്വേഷണം ഞാന്‍ ആവശ്യപ്പെടുന്നതായും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അതേസമയം ട്രംപിന്റെ ആരോപണങ്ങള്‍ യുഎന്‍ അധികൃതര്‍ തള്ളി. എസ്‌കലേറ്റര്‍ നില്‍ക്കാന്‍ കാരണം ട്രംപിന്റെ സംഘത്തിലെ വിഡിയോഗ്രാഫര്‍ എമര്‍ജന്‍സി സ്വിച്ച് അമര്‍ത്തിപ്പോയതാണ്. ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചത് യു എന്‍ ജീവനക്കാരല്ല. ട്രംപിന്റെ സംഘത്തില്‍പ്പെട്ടവര്‍ നേരിട്ടാണ്. പ്രസംഗം കേള്‍ക്കുന്ന ഇയര്‍പീസുകളിലെ തകരാറിനെ കുറിച്ച് വ്യക്തതയില്ല’ -യുഎന്‍ ഉദ്യോഗസ്ഥര്‍ ആരോപണത്തില്‍ പ്രതികരിച്ചു. സംഭവത്തില്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button