വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് പുടിന്‍
മോസ്‌കോ : റഷ്യയിലേയ്ക്ക് പറന്ന യാത്രാ വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്ന് വീണതില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നെന്ന് പുടിന്‍ പറഞ്ഞു. ഇരകളുടെ കുടുംബങ്ങളോട് ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ക്ക് വേഗം സുഖം പാപിക്കട്ടെയെന്നും പുടിന്‍ പറഞ്ഞു.
വിമാനം തകര്‍ന്ന സംഭവത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ആരോപിച്ചിരുന്നു. സംഭവത്തില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ഇത്തരമൊരു പ്രതികരണം നടത്തിയത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ വിമാനത്താവളത്തിലേക്കുള്ള പത്തു സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
വിമാനത്തില്‍ ഉണ്ടായിരുന്ന 67 പേരില്‍ 38 പേര്‍ മരിച്ചതായി കസാഖിസ്ഥാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പൈലറ്റുമാരും ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ഉണ്ടായിരുന്നു. അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.