കുവൈത്തില്‍ വ്യാജ മദ്യ ദുരന്തം; 10 മരണം, നിരവധിപ്പേർക്ക് കാഴ്ച നഷ്ടമായി, ഇരയായവരിൽ മലയാളികളും?

കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യാജ മദ്യ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പ്രവാസികളായ 10 പേരാണ് മരിച്ചതെന്നും നിരവധി പേർക്ക് കാഴ്ച നഷപെട്ടു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷ മദ്യം കഴിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികൾ മദ്യം വാങ്ങിയത്. മറ്റുള്ള പ്രവാസികൾക്കൊപ്പം റൂമുകളിൽ ഇരുന്ന് പലരും ഈ മദ്യം കുടിച്ചു. അതിനു ശേഷം പലർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടതായതോടെ തൊട്ടടുത്തുള്ള പ്രവാസികളെ വിവരം അറിയിക്കുകയും തുടർന്ന് ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. ഫർവാനിയ, അദാൻ ആശുപത്രികളിൽ ആണ് ഇവരെ പ്രവേശിപ്പിച്ചത്.
പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് അധികൃതർ കണ്ടെത്തി. ചികിത്സയിൽ തുടരുന്നതിനിടെയാണ് പത്ത് പേരും മരിച്ചത്. ഇതിൽ മലയാളികളുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ആണെന്നാണ് അധികൃതർ പറയുന്നത്. നിരവധി ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടതായതും, കിഡ്‌നി തകരാറിൽ ആയതായും റിപ്പോർട്ടുകളുണ്ട്. അഹമ്മദി ഗവര്‍ണറേറ്റിലെ വിവിധ ആശുപത്രികളിലും പ്രവാസികൾ ചികിത്സയിൽ തുടരുന്നുണ്ട് എന്നാണ് വിവരം.