‘ചരിത്രം തിരുത്തുന്നു’; ഇടുക്കിയിലും കൊച്ചിയിലും സീപ്ലെയിൻ ഇറങ്ങുന്നു

കൊച്ചി : ഇടുക്കിയുടെയും കൊച്ചിയുടെയും ചരിത്രത്തിലാദ്യമായി ജലവിമാനം ഇറങ്ങുന്നു. കൊച്ചിക്കായലിലും മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലുമാണ് സീപ്ലെയിൻ ഇറങ്ങുന്നത്. എട്ടുപേർക്കാണ് ജലവിമാനത്തിൽ സഞ്ചരിക്കാനാവുന്നത്. കൊച്ചിയിൽ നിന്ന് പറന്നുയരുന്ന ഒന്നരമണിക്കൂറിനുള്ളിൽ മാട്ടുപ്പെട്ടിഡാമിലെ ജലപ്പരപ്പിലേക്ക് പറന്നിറങ്ങും.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീപ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽത്തന്നെ ആകാശക്കാഴ്ചകൾ നന്നായി ആസ്വദിക്കാനാകുമെന്നതാണ് പ്രത്യേകത. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് അവിസ്മരണീയമാകും.എയർസ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിലുള്ള വലിയ സാമ്പത്തികഭാരം ഒഴിവാകുന്നു എന്നതാണ് ജലവിമാനങ്ങളുടെ പ്രത്യേകത.
ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ, കൊല്ലം അഷ്ടമുടിക്കായൽ കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് തന്നെ രൂപപ്പെടുത്താനും കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ടൂറിസം വകുപ്പും.
കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ഡാമും കായലും പുഴയും തോടുകളുമാൽ സമ്പന്നമായ കേരളത്തിനും പ്രത്യേകിച്ച് ഇടുക്കിക്കും വലിയ പ്രതീക്ഷ നൽകുമെന്നതാണ് സീപ്ലെയിൻ പരീക്ഷണപ്പറക്കലിന്റെ പ്രത്യേകത. വിനോദ സഞ്ചാര മേഖലയിൽ കുതിച്ചുചാട്ടത്തിനുതന്നെ ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
നവംബർ 11 ന് രാവിലെ 9.30ന് കൊച്ചിക്കായലിൽ നിന്നാണ് വിമാനം മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണപറക്കൽ നടത്തുന്നത്. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടിയിൽ വന്നിറങ്ങുന്ന സീപ്ലെയിന് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.