ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, സിംബാബ്‌വെ എന്നിവിടങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവും; നൂറ് മരണം, നിരവധി പേർക്ക് പരിക്ക്

കേപ് ടൗൺ : തെക്കൻ ആഫ്രിക്കയിലെ മൂന്ന് രാജ്യങ്ങളിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പലയിടങ്ങളിലും കുടുങ്ങിയ ആളുകളെ സൈനിക ഹെലികോപ്റ്ററുകൾ വഴി രക്ഷപ്പെടുത്തി. ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, സിംബാബ്‌വെ എന്നിവിടങ്ങളിലാണ് ആഴ്ചകളായി തുടരുന്ന കനത്ത മഴക്കെടുതിയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നും വെള്ളപ്പൊക്കം രൂക്ഷമാകുമെന്നും കാലാവസ്ഥാ സേവനങ്ങൾ മുന്നറിയിപ്പ് നൽകി.
മൊസാംബിക്കിൽ മാത്രം 200,000-ത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. മൊസാംബിക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. രാജ്യത്തിന്റെ മധ്യ, തെക്കൻ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. ആയിരക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദക്ഷിണാഫ്രിക്കയിൽ രണ്ട് വടക്കൻ പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 30 ആയി ഉയർന്നതായും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വർഷാരംഭം മുതൽ പെയ്ത കനത്ത മഴയിൽ 70 പേർ മരിക്കുകയും ആയിരത്തിലധികം വീടുകൾ നശിക്കുകയും ചെയ്തതായി സിംബാബ്‌വെയുടെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. സ്‌കൂളുകൾ, റോഡുകൾ, പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർന്നു. ദ്വീപ് രാഷ്ട്രമായ മഡഗാസ്‌കറിലും മലാവിയിലും സാംബിയയിലും വെള്ളപ്പൊക്കം നാശം വിതച്ചു.
ലാ നിന പ്രതിഭാസമാണ് ആഫ്രിക്കൻ രാജ്യങ്ങളിലെ കനത്ത മഴയ്ക്ക് കാരണമെന്ന് കരുതുന്നതായി യുഎസ് ദുരന്ത മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വടക്കൻ ലിംപോപോ പ്രവിശ്യയിൽ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കുടുങ്ങിക്കിടന്നവരെ സൈന്യം രക്ഷപെടുത്തി. സൗത്ത് ആഫ്രിക്ക- സിംബാബ്‍വേ അതിർത്തിയിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെയും അതിർത്തി നിയന്ത്രണ ഉദ്യോഗസ്ഥരെയും രക്ഷപെടുത്തിയതായി സൈന്യം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ 400 മില്ലിമീറ്റർ മഴയാണ് പ്രവിശ്യയിൽ ലഭിച്ചത്.
പ്രവിശ്യയിലുടനീളം ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പല വീടുകളും പൂർണ്ണമായും ഒലിച്ചുപോയതായും അധികൃതർ വ്യക്തമാക്കി. മപുമലംഗ പ്രവിശ്യയിലും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. റോഡുകളും പാലങ്ങളും തകർന്നു. മൊസാംബിക്കിന്റെ അതിർത്തിക്കടുത്തുള്ള എൻകോമാസി മുനിസിപ്പാലിറ്റിയിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചു.
ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ നാഷണൽ പാർക്കിൽ നിന്ന് വിനോദസഞ്ചാരികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. ലിംപോപോ, മപുമലംഗ പ്രവിശ്യകളിലായി ഏകദേശം 22,000 ചതുരശ്ര കിലോമീറ്റർ (7,722 ചതുരശ്ര മൈൽ) വിസ്തൃതിയിലുള്ള ക്രൂഗർ ദേശീയോദ്യാനത്തെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. ഏകദേശം 600 വിനോദസഞ്ചാരികളെയും ജീവനക്കാരെയും ക്യാമ്പുകളിൽ നിന്ന് പാർക്കിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി പാർക്ക് വക്താവ് പറഞ്ഞു.
നദികൾ കരകവിഞ്ഞൊഴുകി ക്യാമ്പുകൾ, റസ്റ്റോറന്റുകൾ, മറ്റ് പ്രദേശങ്ങൾ എന്നിവ വെള്ളത്തിനടിയിലായതോടെ സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചു. ക്രൂഗറിൽ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും മരണമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദേശീയ പാർക്ക് ഏജൻസി അറിയിച്ചു. എന്നാൽ വെള്ളപ്പൊക്കത്തിൽ പാർക്കിന്റെ ചില ഭാഗങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടു. മൊസാംബിക്കിലെ നെല്ല്, ചോളം തുടങ്ങിയ പ്രധാന വിളകൾ ഉൾപ്പെടെ 70,000 ഹെക്ടറിലധികം (ഏകദേശം 173,000 ഏക്കർ) വിളകൾ വെള്ളത്തിനടിയിലായതായി അധികൃതർ വ്യക്തമാക്കി.



