പാലിയേക്കരയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു

കൊച്ചി : ദേശീയപാത 544 ലെ പാലിയേക്കരയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. ദേശീയപാത അതോറിറ്റിയാണ് കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുമ്പോള്‍ പുതിയ നിരക്കായിരിക്കും ഉണ്ടാവുക. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാര്‍ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നിയമ നടപടി തുടരുന്നതിനിടെയാണ് വീണ്ടും ടോള്‍ വര്‍ധന.
പുതുക്കിയ നിരക്കനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് ഇനിമുതല്‍ അഞ്ചുരൂപ മുതല്‍ 15 രൂപ വരെ അധികം നല്‍കേണ്ടിവരും. കാറുകള്‍ക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് ഈടാക്കിയിരുന്ന 90 രൂപ ഇനി 95 രൂപയായി ഉയര്‍ത്തി. ദിവസം ഒന്നില്‍കൂടുതല്‍ യാത്രയ്ക്ക് 140 രൂപ എന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ – 165, ഒന്നില്‍ കൂടൂതല്‍ യാത്രകള്‍ക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 495. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 795 എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍.
നിലവില്‍, സെപ്റ്റംബര്‍ ഒമ്പത് വരെ പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു നടപടി.