കേരളം

തൃശൂരിൽ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസ്; അഞ്ചുപേര്‍ പിടിയില്‍

തൃശൂര്‍: കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. മൂന്നുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും രണ്ടുപേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ്. മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അരുണിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.

കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കയ്പമംഗലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കൊല നടത്തിയവരെന്ന് സംശയിക്കുന്ന സംഘം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വഴിയാത്രക്കാർ കണ്ടെങ്കിലും ഇവർ സമർഥമായി രക്ഷപ്പെട്ടു.

മറ്റെവിടെയോ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം കാറിൽ കൊണ്ടുവന്ന് ഇവിടെ തള്ളാനായിരുന്നു സംഘത്തിൻ്റെ ശ്രമമെന്ന് സംശയിക്കുന്നു. ഇതിനിടെ വഴിയാത്രക്കാർ കണ്ടതോടെ അപകടം ഉണ്ടായെന്നും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിക്കാനും സംഘം ആവശ്യപ്പെട്ടു. അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പിന്നാലെ കാറിൽ എത്താമെന്ന് ആംബുലൻസ് ജീവനക്കാരോട് പറഞ്ഞ സംഘം പിന്നീട് കടന്നു കളയുകയായിരുന്നു.

ഇറിഡിയം ഇടപാടുമായി ബന്ധപ്പെട്ട 10 ലക്ഷം രൂപയുടെ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം. വട്ടണാത്രയിലെ എസ്റ്റേറ്റിലാണ് നാലംഗ സംഘം അരുണിനെയും സുഹൃത്ത് ശശാങ്കനെയും കാറിൽ എത്തിച്ച ശേഷം മർദിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button