കേരളം

തൃശൂരിലെ എടിഎം കവര്‍ച്ച : കണ്ടെയ്‌നറിനുള്ളില്‍ കാര്‍ ഒളിപ്പിച്ച് പൊലീസ് തടഞ്ഞപ്പോള്‍ സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടല്‍

ചെന്നൈ : സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടലിനൊടുവിലാണ് തൃശൂരിലെ എടിഎം കവര്‍ച്ചാ സംഘത്തെ നാമക്കലില്‍ വെച്ച് തമിഴ്‌നാട് പൊലീസ് പിടികൂടുന്നത്. റോഡില്‍ നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്. കൊള്ളസംഘം പോയ കണ്ടെയ്‌നര്‍ ലോറി സന്യാസിപാളയത്തുവെച്ച് രണ്ടു കാറിലും നാലു ബൈക്കിലും ഇടിച്ചിരുന്നു. എന്നാല്‍ ലോറി നിര്‍ത്താതെ പോയി. ഇതോടെ ലോറിയെ പൊലീസ് പിന്തുടര്‍ന്നു.

പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചതോടെ, ഇതോടെ കവര്‍ച്ചാസംഘം പൊലീസിന് നേര്‍ക്ക് ലോറിയില്‍ നിന്നും വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘത്തിന്റെ വെടിയേറ്റ് ഒരു പൊലീസുകാരന് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് തിരിച്ചടിക്കുകയായിരുന്നു. നാമക്കല്‍ കുമരപാളയത്തു വെച്ചാണ് കൊള്ളസംഘത്തെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്‌പ്പെടുത്തുന്നത്. കണ്ടെയ്‌നര്‍ ലോറി ഡ്രൈവറാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

എസ് കെ ലോജിസ്റ്റിക്‌സ് എന്ന കണ്ടെയ്‌നറിലായിരുന്നു കവര്‍ച്ചാസംഘം സഞ്ചരിച്ചിരുന്നത്. പ്രതികള്‍ തൃശൂരില്‍ കൊള്ളയ്ക്കായി എത്തിയ കാര്‍ കണ്ടെയ്‌നറില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കാറില്‍ നിന്നും പ്രതികള്‍ കൊള്ളയടിച്ച പണം കണ്ടെത്തിയതായാണ് വിവരം. പൊലീസ് വളഞ്ഞതോടെയായിരുന്നു നടുറോഡില്‍ ഏറ്റുമുട്ടലുണ്ടായത്. വാഹനം ഉപേക്ഷിച്ച് സംഘം കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികളിലൊരാളെ പൊലീസ് വെടിവെച്ചു വീഴ്ത്തി പിടികൂടിയത്.

തൃശൂരിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെയാണ് എടിഎമ്മുകൾ കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കവർച്ച. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് കൊള്ള നടന്നത്. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്. മാപ്രാണത്തു നിന്ന് 30 ലക്ഷം, കോലഴിയിൽനിന്ന് 25 ലക്ഷം, ഷൊർണൂർ റോഡിലെ എടിഎമ്മിൽനിന്ന് 9.5 ലക്ഷം എന്നിങ്ങനെയാണ് കവർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button