മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 75 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 75 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 1063 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 138.25 അടിയാണ്.
മുല്ലപ്പെരിയാറിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ കൂടിയും അടുത്ത ഘട്ടമായി 75 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. 137.70 അടിയാണ് റൂള്‍ കര്‍വ് പരിധി. ഇത് മറികടന്നതിന്റെ പശ്ചാത്തലത്തിലാണ് പെട്ടന്ന് തന്നെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചേ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തി. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വര്‍ധിച്ചിട്ടുണ്ട്.
പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ഇടുക്കി ജില്ലയില്‍ പെയ്തത് തീവ്ര മഴയെന്നാണ് വിലയിരുത്തല്‍. കൂട്ടാറില്‍ 100 മില്ലി മീറ്ററും, വെള്ളയാംകുടിയില്‍ 188 മില്ലി മീറ്റര്‍ മഴയുമാണ് പെയ്തത്. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. തെക്ക് കിഴക്കന്‍ അറബികടലിനും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും.