യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഇറ്റലിയിലെ ഉല്ലാസയാത്രക്കിടെ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ഹോട്ടല്‍ വ്യവസായിയായ ദമ്പതിമാരടക്കം മൂന്നുപേര്‍ മരിച്ചു

റോം : ഇറ്റലിയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതിമാരടക്കം മൂന്നുപേര്‍ മരിച്ചു. നാഗ്പുരിലെ ഹോട്ടല്‍ വ്യവസായി ജാവേദ് അക്തര്‍(55) ഭാര്യ നാദിറ ഗുല്‍ഷാന്‍(47) എന്നിവരും ഇവര്‍ സഞ്ചരിച്ച മിനി ബസിന്റെ ഡ്രൈവറുമാണ് മരിച്ചത്. ഉല്ലാസയാത്രയ്‌ക്കെത്തിയ ജാവേദും കുടുംബവും സഞ്ചരിച്ച മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ ദമ്പതിമാരുടെ മകള്‍ അര്‍സൂ അക്തറിന്(21) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സിയന്നയിലെ ലീസ്‌കോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു മകളായ ഷിഫ അക്തറിനും മകന്‍ ജാസേല്‍ അക്തറിനും അപകടത്തില്‍ പരിക്കേറ്റു. എന്നാല്‍, ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇരുവരും ഫ്‌ളോറന്‍സിലെയും ഗ്രോസെറ്റോയിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്.

ജാവേദും കുടുംബവും സഞ്ചരിച്ച ഒന്‍പതുസീറ്റുകളുള്ള മിനി ബസില്‍ വിനോദസഞ്ചാരികളായ ഏഷ്യക്കാരാണുണ്ടായിരുന്നത്. ഗ്രോസെറ്റോയ്ക്ക് സമീപം ഓറേലിയ ഹൈവേയിലാണ് മിനിബസ് അപകടത്തില്‍പ്പെട്ടത്. ദമ്പതിമാരും ബസ് ഡ്രൈവറും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു.

നാഗ്പുരിലെ പ്രമുഖ ഹോട്ടലായ ‘ഗുല്‍ഷാന്‍ പ്ലാസ’യുടെ ഉടമയാണ് ജാവേദ് അക്തര്‍. സെപ്റ്റംബര്‍ 22-നാണ് കുടുംബം ഉല്ലാസയാത്രയ്ക്കായി യൂറോപ്പിലെത്തിയത്. ആദ്യം ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് ഇവര്‍ ഇറ്റലിയിലെത്തിയത്.

അപകടമുണ്ടായതിന് പിന്നാലെ ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പരിക്കേറ്റ ജാസേല്‍ അക്തറാണ് ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയടക്കം സ്ഥലത്തെത്തി വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ആശുപത്രികളിലേക്ക് മാറ്റിയതെന്നും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

നാഗ്പുര്‍ സ്വദേശികളായ ദമ്പതിമാര്‍ അപകടത്തില്‍ മരിച്ചതായി ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ എംബസി അധികൃതര്‍, കുടുംബത്തിന് ആവശ്യമായ എല്ലാസഹായങ്ങളും നല്‍കിവരികയാണെന്നും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button