ചടയമംഗലത്തെ മൊബൈൽ ഷോപ്പിൽ മോഷണം; എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം : ചടയമംഗലത്ത് മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. അൻപതോളം മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമാണ് പ്രതികൾ മോഷ്ടിച്ചത്. ഒളിവിലുള്ള ഒന്നാം പ്രതി ജസീമിനെ കണ്ടെത്താൻ ചടയമംഗലം പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഓഗസ്റ്റ് ഒന്നിന് പുലർച്ചെ ഒന്നര മണിയോടെ ചടയമംഗലത്തെ മൊബൈൽ ഷോപ്പിന്റെ പിൻഭാഗം പൊളിച്ച് അകത്തു കയറിയായിരുന്നു കവർച്ച. അന്വേഷണത്തിൽ കല്ലംമ്പലം സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ആഷിക്, എഞ്ചിനീയറിംഗ് വിദ്യാർഥിയായ മുഹമ്മദ് ഇർഫാൻ എന്നിവരെ പിടികൂടി. 50ഓളം മൊബൈൽ ഫോണുകളും മൂന്ന് ലാപ്ടോപ്പുകളും ഷോപ്പിൽ നിന്ന് നഷ്ടപ്പെട്ടു.
ഒന്നാം പ്രതി ജസീമും, അൽ അമീനും ചേർന്ന് കടയ്ക്കുള്ളിൽ കയറി മോഷണം നടത്തി. കാറിൽ കാത്തുനിന്ന സഹായികളുടെ പക്കൽ മൊബൈൽ ഫോണുകളുകളും ലാപ്പ്ടോപ്പും ഏൽപ്പിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ചടയമംഗലം പൊലീസ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതിയായ ജസീമിന്റെ ഉടമസ്ഥതയിൽ കല്ലംമ്പലത്തുള്ള പഞ്ചറുകടയിൽ നിന്നും ലാപ്ടോപ്പുകളും ബാക്കി മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. ഒളിവിൽ പോയ ജസീമിനായി അന്വേഷണം തുടരുകയാണ്