ഫാംഹൗസ് സ്ഫോടനം: മൂന്ന് ഇറ്റാലിയൻ സൈനിക പൊലീസുകാർ കൊല്ലപ്പെട്ടു

റോം : ഇറ്റലിയിൽ ഫാംഹൗസിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് സൈനിക പൊലീസ് അംഗങ്ങൾ കൊല്ലപ്പെട്ടു. 13 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇറ്റാലിയൻ നഗരമായ വെറോണയ്ക്ക് സമീപം ഒഴിപ്പിക്കൽ നടപടികൾക്കിടയിലാണ് സ്ഫോടനമുണ്ടായത്.
വെറോണയുടെ 10 കിലോമീറ്റർ അകലെയുള്ള കാസ്റ്റൽ ഡി അസാനോ പട്ടണത്തിലാണ് സ്ഫോടനം നടന്നത്. ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുമ്പോൾ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് ആസൂത്രിതമായി സ്ഫോടനം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
രണ്ട് നിലകെട്ടിടത്തിൽ ഗ്യാസ് തുറന്നുവിട്ട നിലയിലായിരുന്നു. പൊലീസ് വാതിൽ തുറന്നപ്പോഴേക്കും സ്ഫോടനം നടന്നു. സംഭവത്തിൽ 60 വയസുള്ള സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെ സഹോദരൻ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. സൈനിക പൊലീസ് ഉദ്യോഗസ്ഥരുടെ മരണത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയും അനുശോചനം രേഖപ്പെടുത്തി.