തിരുപ്പതിയിലെ ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രപരിസരത്തെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച വൈകീട്ടാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സ്‌നിഫര്‍ ഡോഗുകളെ അടക്കം കൊണ്ടു വന്ന് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ലീലാമഹല്‍, കപില തീര്‍ത്ഥം, അലിപ്പിരി എന്നിവയ്ക്ക് സമീപമുള്ള മൂന്ന് സ്വകാര്യ ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ ഹോട്ടലുകളില്‍ പാകിസ്ഥാന്‍ ഐഎസ്‌ഐ, ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാത്രി 11 മണിക്കകം ആളുകളെ ഒഴിപ്പിക്കണമെന്നും ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു. മയക്കുമരുന്ന് കേസില്‍, ജാഫര്‍ സാദിഖിന്റെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യാന്തര സമ്മര്‍ദ്ദം ഉയര്‍ന്നുവെന്നും കേസില്‍ എംകെ സ്റ്റാലിന്‍ കുടുംബത്തിന്റെ പങ്കാളിത്തത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് ഇത്തരം സ്ഫോടനങ്ങള്‍ അനിവാര്യമാണെന്നും ഇമെയിലില്‍ പറയുന്നു. ഇ മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.