തായ്‌പേയിയിൽ മെട്രോ സ്റ്റേഷനുകളിൽ പുകബോംബ് ആക്രമണം; മൂന്ന് മരണം

തായ്‌പേയി : തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയിയിലെ രണ്ട് മെട്രോ സ്റ്റേഷനുകളിൽ പുക ബോംബും കത്തിയും ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രതിയും മരിച്ചതായി തായ്‌പേയി അഗ്നി രക്ഷാസേനാ വിഭാഗം അറിയിച്ചു.
ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എന്നാൽ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഇപ്പോൾ പുറത്തുപറയാനായിട്ടില്ലെന്നും തായ്‌വാൻ പ്രധാനമന്ത്രി ചോ റൊങ് തായ് പറഞ്ഞു. ആക്രമണത്തിനിരയായ മൂന്ന് പേർക്ക് ഹൃദയസ്തംഭനം സംഭവിച്ചതായി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തായ്‌പേയ് മെയിൻ സ്റ്റേഷൻ, സോങ്ഷാൻ എന്നീ സ്റ്റേഷനുകളിലാണ് അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുഖംമൂടി ധരിച്ചെത്തിയ 27 വയസുകാരനായ ചാങ് വെൻ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾ മെയിൻ സ്റ്റേഷനിൽ അഞ്ചോ ആറോ പെട്രോൾ ബോംബുകളും പുക ബോംബുകളും എറിയുകയും തുടർന്ന് യാത്രക്കാരെ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.
അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് കുത്തേറ്റതെന്ന് തായ്‌പേയ് മേയർ ചിയാങ് വാൻ ആൻ അറിയിച്ചു. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ആറാം നിലയിൽ നിന്ന് ചാടിയ പ്രതി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇയാൾ നേരത്തെ സൈനിക സേവനത്തിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണെന്ന് റിപ്പോർട്ടുകളുണ്ട്.
അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റും വീഴ്ചയിലുണ്ടായ ആഘാതങ്ങൾ മൂലവുമാണ് ഇവർക്ക് പരിക്കേറ്റത്.
സംഭവത്തെത്തുടർന്ന് തായ്‌വാനിലെ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും കേസിൽ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തുമെന്നും തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെ വ്യക്തമാക്കി. 2014-ൽ സമാനമായ രീതിയിൽ മെട്രോയിലുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.



