യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫ്രാൻസിൽ ചെലവുചുരുക്കലിനെതിരെ സമരപരമ്പരയുമായി ആയിരങ്ങൾ വീണ്ടും തെരുവിലിറങ്ങി

പാരിസ് : സർക്കാരിന്റെ കടുത്ത ചെലവുചുരുക്കലിനെതിരെ ഫ്രാൻസിലെ ഇരുന്നൂറിലധികം നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ രാജ്യം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. ഈഫൽ ടവർ അടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ വരെ അടച്ചിടേണ്ടി വന്നു.

തൊഴിലാളികളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന പ്രതിഷേധക്കാർ ചെലവുചുരുക്കലിൽ പ്രതിഷേധിച്ചും സമ്പന്നർക്ക് ഉയർന്ന നികുതി ചുമത്തണമെന്ന് ആവശ്യപ്പെട്ടും പാരിസിലെ പ്ലേസ് ഡി’ഇറ്റലിയിൽ മാർച്ച് നടത്തി. സെപ്റ്റംബറിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇടവേളയ്ക്കുശേഷം വീണ്ടും തുടങ്ങിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

പാരീസിൽ കാൽ ലക്ഷത്തോളം പേരാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. രാജ്യത്തുടനീളം 195,000 പ്രതിഷേധക്കാർ തെരുവിലിറങ്ങിയതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിഷേധങ്ങൾ പ്രാദേശിക ട്രെയിൻ സർവീസുകളെയും ആരോഗ്യരംഗത്തെയും ബാധിച്ചു. പാരീസിൽ മെട്രോ ഗതാഗതം സാധാരണ നിലയിലായിരുന്നെങ്കിലും ട്രെയിനുകൾ കുറവായിരുന്നു. ഒട്ടേറെ അധ്യാപകരും ആരോഗ്യ പ്രവർത്തകരും സമരത്തിൽ പങ്കുചേർന്നു.

അടുത്ത വർഷത്തെ ബജറ്റിൽ കടുത്ത ചെലവുചുരുക്കൽ നടപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നയിക്കുന്ന സർക്കാർ. എന്നാൽ, ചെലവുചുരുക്കൽ സാധാരണക്കാരെയാണ് ബാധിക്കുന്നതെന്ന് സമരരംഗത്തുള്ളവർ കുറ്റപ്പെടുത്തുന്നു. പുതിയ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കോർണുവിൽ സമ്മർദ്ദം ചെലുത്താനാണ് ട്രേഡ് യൂണിയനുകൾ ശ്രമിക്കുന്നത്.

പൊതുസേവനങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കണമെന്നും വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും സമ്പന്നർക്ക് ഉയർന്ന നികുതി ചുമത്തണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button