യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഗ്രീൻലാൻഡ് വിൽപനയ്ക്കില്ല; ട്രംപിനെതിരേ ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധം

നൂക് : ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരേ രാജ്യത്ത് വൻ പ്രതിഷേധം. ആയിരക്കണക്കിന് ഗ്രീൻലാൻഡുകാർ മഞ്ഞുമൂടിയ തെരുവുകളിലൂടെ അമേരിക്കയുടെ നയത്തിനെതിരേ എതിർപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. ഗ്രീൻലാൻഡിന്റെ സ്വയംഭരണത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ പ്രതിഷേധങ്ങളിൽ വൻജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. ‘ഗ്രീൻലാൻഡ് വിൽപനയ്ക്കില്ല’ എന്ന് കുറിച്ചിരിക്കുന്ന ഫലകങ്ങളും പതാകയും ഉയർത്തിപ്പിടിച്ച് പോലീസിന്റെ നിരീക്ഷണത്തിൽ യു.എസ്. കോൺസുലേറ്റിലേക്ക് മാർച്ച് നടത്തി.

ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നുകിലെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗവും ഈ മാർച്ചിന് അനുഗമിച്ചതായി അധികൃതർ കണക്കാക്കുന്നു. 20,000-ൽ താഴെ ജനസംഖ്യയുള്ള നഗരത്തെ സംബന്ധിച്ച് ഇത് അസാധാരണമായ പങ്കാളിത്തമാണ്. ഗ്രീൻലാൻഡിന്റെ സ്വയംഭരണത്തെ അട്ടിമറിക്കാനുള്ള ട്രംപിന്റെ നീക്കത്തെ തങ്ങൾ ചെറുക്കുമെന്ന് പ്രധാനമന്ത്രി ജെൻസ് ഫെഡ്‌റിക്ക് നെൽസൺ പറഞ്ഞു.

‘ഞങ്ങൾ എല്ലായ്‌പ്പോഴും പറയുന്നത് ഇപ്പോഴും പറയുന്നു. ഇനിയും പറയും, ഗ്രീൻലാൻഡ് വിൽപ്പനയ്ക്ക് വച്ചിട്ടില്ല. കീഴടങ്ങില്ല, പോരാടാൻ തന്നെയാണ് തീരുമാനം’, പ്രതിഷേധക്കാർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് വേണമെന്ന് ട്രംപ് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. പൂർണ്ണ നിയന്ത്രണത്തിൽ കുറഞ്ഞത് ഒന്നും അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ നിലപാട്. യുഎസിന്റെ നാറ്റോ സഖ്യകക്ഷികൂടിയായ ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ആർട്ടിക് ഭൂപ്രദേശമാണ് ഗ്രീൻലൻഡ്. ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ നിറവേറ്റുമെന്നും പ്രതിരോധ കൂട്ടുകെട്ട് ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ട് കൊണ്ടാണ് ട്രംപ് ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. ഗ്രീൻലൻഡ് പദ്ധതിയിൽ സഹകരിക്കാത്ത രാജ്യങ്ങൾക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 1 മുതൽ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 10% താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഗ്രീൻലാൻഡിനെക്കുറിച്ചുള്ള ചർച്ചകൾ ഒരു കരാറിൽ കലാശിക്കുന്നില്ലെങ്കിൽ, ജൂൺ 1 മുതൽ ഈ നിരക്ക് 25% ആയി ഉയരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കയിൽ മരുന്നുവില കുറയ്ക്കുന്നതിനുള്ള ഒരു പദ്ധതിയിൽ മറ്റു രാജ്യങ്ങളെ സഹകരിപ്പിക്കാൻ തീരുവ ഉപയോഗിച്ചതായും ട്രംപ് പറഞ്ഞു. ഇക്കാര്യം വിശദീകരിച്ചപ്പോഴാണ് ഗ്രീൻലൻഡ് പിടിച്ചെടുക്കൽ പദ്ധതിക്കും തീരുവ ഉപയോഗപ്പെടുത്താൻ താൻ ഒരുങ്ങുന്ന കാര്യം ട്രംപ് പറഞ്ഞത്.

എണ്ണ, വാതകം, അപൂർവ ധാതുക്കൾ എന്നിവയുൾപ്പെടെ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് ഗ്രീൻലൻഡ്. വടക്കേ അമേരിക്കയ്ക്കും ആർട്ടിക് മേഖലയ്ക്കും ഇടയിലുള്ള ഈ പ്രദേശം മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങൾക്കും ഈ മേഖലയിലെ കപ്പലുകൾ നിരീക്ഷിക്കുന്നതിനും അനുയോജ്യമാണെന്നാണ് യുഎസിന്റെ വാദം. ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള യുഎസിന്റെ നീക്കത്തിനെതിരെ ഡെന്മാർക്കിനെ കൂടാതെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതിന് സൈനിക നടപടികളടക്കം ട്രംപ് ആലോചിക്കുന്നതായി നേരത്തെ വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

ഗ്രീൻലൻഡിനെതിരായ ആക്രമണം നാറ്റോയുടെ അവസാനമായി കണക്കാക്കുമെന്ന് ഡെന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. നാറ്റോയിലെ മറ്റു സഖ്യകക്ഷികളുടെ സഹകരണത്തോടെ അവിടെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ഡെന്മാർക്ക് പ്രഖ്യാപിക്കുകയുണ്ടായി. ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, നോർവേ, സ്വീഡൻ എന്നിവയെല്ലാം ഈ ആഴ്ച ദ്വീപിലേക്ക് സൈനികരെ വിന്യസിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. നൂകിൽ കോൺസുലേറ്റുകൾ തുറക്കാൻ പദ്ധതിയിടുന്നതായി കാനഡയും ഫ്രാൻസും അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button