സിറിയിൽ ആഭ്യന്തര യുദ്ധം രൂക്ഷം; ആയിരക്കണക്കിന് പലായനം ചെയ്യുന്നു

ഡമാസ്കസ് : സിറിയൻ നഗരമായ ആലപ്പോയിൽ ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ ആയിരക്കണക്കിന് പലായനം ചെയ്യുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള സൈന്യവും കുർദിഷ് സേനയും തമ്മിലാണ് സംഘർഷം ആരംഭിച്ചത്. ആഭ്യന്തര യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെയാണ് ജനം പലായനം ആരംഭിച്ചത്. അതേസമയം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാജ്യാന്തര തലത്തിൽ മധ്യസ്ഥ ശ്രമം നടക്കുന്നുണ്ടെന്ന് കുർദിഷ് സേന അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
വടക്കൻ നഗരമായ ആലപ്പോയിൽ ചൊവാഴ്ചയാണ് സർക്കാർ നിയന്ത്രണത്തിലുള്ള സൈന്യവും കുർദിഷ് വിഭാഗത്തിന്റെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (എസ്ഡിഎഫ്) തമ്മിൽ ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. ബുധനാഴ്ച ഷെല്ലാക്രമണം ശക്തമായി. ഇതിനോടകം നാല് സാധാരണക്കാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും ഇരുപത്തിയഞ്ചിലധികം പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ട്. സമാധാന ശ്രമങ്ങളുടെ ഭാഗമായി യുഎസ് മധ്യസ്ഥത വഹിക്കുമെന്നാണ് സൂചന. 45,000-ത്തിലധികം പേരാണ് ആലപ്പോയിൽ നിന്ന് വടക്കുപടിഞ്ഞാറൻ മേഖലയിലെ അഫ്രിൻ എൻക്ലേവിലേക്ക് പലായനം ചെയ്തിരിക്കുന്നത്.



