വിനോദസഞ്ചാര-മാധ്യമ മേഖലയിലെ ഭീമനായ വാള്‍ട്ട് ഡിസ്നി കമ്പനിക്ക് പുതിയ മേധാവി

കാലിഫോര്‍ണിയ : വിനോദസഞ്ചാര-മാധ്യമ മേഖലയിലെ ഭീമനായ വാള്‍ട്ട് ഡിസ്നി കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ജോഷ് ഡി’അമാരോ നിയമിതനായി. മാര്‍ച്ച് 18 മുതലാണ് അദ്ദേഹം ഈ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുന്നത്. നിലവിലെ സിഇഒ ബോബ് ഐഗറിന് പകരക്കാരനായാണ് ജോഷ് എത്തുന്നത്. മാധ്യമ മേഖലയില്‍ ലോകമെമ്പാടും സാന്നിധ്യമുള്ളതിനാല്‍ വാള്‍ട്ട് ഡിസ്നി കമ്പനിയുടെ നേതൃത്വ മാറ്റത്തെ ഏറ്റവും ആകാംക്ഷയോടെയാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.
ഡിസ്നിയുടെ 102 വര്‍ഷത്തെ ചരിത്രത്തിലെ ഒന്‍പതാമത്തെ സിഇഒയാണ് ജോഷ് ഡി’അമാരോ. നേതൃമാറ്റത്തിന്റെ ഭാഗമായി ഡാന വാള്‍ഡനെ കമ്പനിയുടെ പ്രസിഡന്റായും ചീഫ് ക്രിയേറ്റീവ് ഓഫീസറായും നിയമിച്ചിട്ടുണ്ട്. മാര്‍ച്ച് 18 ന് നടക്കുന്ന ഡിസ്നിയുടെ വാര്‍ഷിക യോഗത്തില്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. അന്ന് ഇഗര്‍ സ്ഥാനമൊഴിയുകയും ഡി’അമാരോ ഔദ്യോഗികമായി നേതൃത്വം ഏറ്റെടുക്കുകയും ചെയ്യും. ഈ വര്‍ഷം അവസാനം വിരമിക്കുന്നതുവരെ ഐഗര്‍ സീനിയര്‍ അഡൈ്വസറായും ബോര്‍ഡ് അംഗമായും തുടരും.
ഏകദേശം മുപ്പത് വര്‍ഷത്തോളമായി ഡിസ്നിയില്‍ സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് 54 കാരനായ ജോഷ് ഡി’അമാരോ. 1998-ലാണ് കമ്പനിയില്‍ ചേര്‍ന്നത്. നിലവില്‍ ഡിസ്നിയുടെ തീം പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍, ക്രൂയിസ് ലൈനുകള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന ‘ഡിസ്നി എക്സ്പീരിയന്‍സ്’ വിഭാഗത്തിന്റെ ചെയര്‍മാനാണ് അദ്ദേഹം. 1998-ല്‍ കമ്പനിയില്‍ ചേര്‍ന്ന ജോഷ്, ഡിസ്നി വേള്‍ഡ് റിസോര്‍ട്ട് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡിസ്നിയുടെ തീം പാര്‍ക്കുകള്‍ വലിയ സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരുന്നു.
പുതിയ പദവിയിലേക്ക് എത്തുമ്പോള്‍ വന്‍തുകയാണ് ജോഷിന് പ്രതിഫലമായി ലഭിക്കുന്നത്. ഏകദേശം 2.5 മില്യണ്‍ ഡോളറാണ് (ഏകദേശം 21 കോടി രൂപ) അദ്ദേഹത്തിന്റെ വാര്‍ഷിക അടിസ്ഥാന ശമ്പളം. ഇതിനുപുറമെ മികച്ച പ്രകടനത്തിനുള്ള ബോണസും ഇന്‍സെന്റീവുകളും കമ്പനിയുടെ ഓഹരികളും ഉള്‍പ്പെടെ ആദ്യ വര്‍ഷം ഏകദേശം 38 മില്യണ്‍ ഡോളര്‍ (ഏകദേശം 318 കോടി രൂപ) അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രസിഡന്റായി നിയമിതയായ ഡാന വാള്‍ഡന്റെ ആദ്യ വര്‍ഷത്തെ പാക്കേജ് ഏകദേശം 24 മില്യണ്‍ ഡോളറാണ്.
ഡിസ്നിയുടെ ഭാവി തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ജോഷ് ഡി’അമാരോയും ഡാന വാള്‍ഡനും നിര്‍ണായക പങ്ക് വഹിക്കും. ബോബ് ഐഗര്‍ വിരമിച്ച ശേഷം കമ്പനിയെ പുതിയ കാലത്തെ വെല്ലുവിളികളിലൂടെ മുന്നോട്ട് നയിക്കുക എന്നതാണ് ജോഷിന്റെ പ്രധാന ദൗത്യം. സ്ട്രീമിംഗ് രംഗത്തെ മത്സരവും തീം പാര്‍ക്കുകളുടെ വിപുലീകരണവും അദ്ദേഹത്തിന് മുന്നിലുള്ള വലിയ ഉത്തരവാദിത്തങ്ങളാണ്.
ഡിസ്നിലാന്‍ഡ് മിഡില്‍ ഈസ്റ്റിലേക്കു വരുന്നതിന്റെ ചുമതലയും ജോഷ് ഡി’അമാരോയ്ക്കാണ്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ യസ് ഐലന്‍ഡില്‍ പുതിയ ഡിസ്നി തീം പാര്‍ക്ക് റിസോര്‍ട്ട് വരുന്നത്. ലോകത്തെ ഏഴാമത്തെ ഡിസ്നി റിസോര്‍ട്ടാണിത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ ആകാംക്ഷയോടെയാണ് ഗള്‍ഫിലെ ഡിസ്നി തീം പാര്‍ക്കിനെ ഉറ്റുനോക്കുന്നത്.



