യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുഎസ് ബോംബർ വിമാനങ്ങൾക്ക് അനുമതി; ഇറാൻറെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സായുധ സേന പൂർണ സജ്ജം : യുകെ

ലണ്ടൻ : യുഎസ് ബോംബർ വിമാനങ്ങൾക്ക് രാജ്യത്തെ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിൽ, ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സായുധ സേന പൂർണ സജ്ജമാണെന്ന് ബ്രിട്ടീഷ് സർക്കാർ. ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി) ബ്രിട്ടന് നൽകിയ ഔദ്യോഗിക മുന്നറിയിപ്പിന് മറുപടിയായാണ് ബ്രിട്ടീഷ് സർക്കാരിന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

‘ഞങ്ങളുടെ രാജ്യത്തോ വിദേശത്തോ ഉണ്ടാകാനിടയുള്ള ഏത് തരത്തിലുള്ള ആക്രമണങ്ങളിൽ നിന്നും ബ്രിട്ടനെ സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങളുടെ സായുധ സേന പൂർണമായും സജ്ജമാണ്’ – സർക്കാർ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. റോയൽ നേവി, ബ്രിട്ടീഷ് ആർമി, റോയൽ എയർഫോഴ്സ് എന്നിവയുടെ അത്യാധുനിക സംവിധാനങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രതിരോധ സംവിധാനമാണ് രാജ്യം നടപ്പിലാക്കുന്നതെന്നും, നാറ്റോ സഖ്യകക്ഷികളുമായി ചേർന്ന് കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശികമായ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി യുഎസിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന നിലവിലുള്ള കരാർ പുതുക്കുന്നതായി കഴിഞ്ഞ ആഴ്ച പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണമിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഭാഗത്തുനിന്നും ശക്തമായ മുന്നറിയിപ്പ് ഉണ്ടായത്. എന്നാൽ ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനും, അവിടത്തെ മിസൈൽ കേന്ദ്രങ്ങളെ നിർവീര്യമാക്കാനുമുള്ള യു.എസിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മാത്രമാണ് ഈ ധാരണാകരാറിന് കീഴിൽ വരുന്നതെന്ന് ബ്രിട്ടീഷ് സർക്കാർ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

ഇറാൻ നൽകിയ മുന്നറിയിപ്പിന് മറുപടിയായി, ബ്രിട്ടന്റെ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്ന് സർക്കാർ വക്താവ് ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി തങ്ങളുടെ ജനങ്ങളെയും താൽപ്പര്യങ്ങളെയും സഖ്യകക്ഷികളെയും സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും, എന്നാൽ ഈ സംഘർഷം കൂടുതൽ വ്യാപിച്ച് വലിയൊരു യുദ്ധത്തിലേക്ക് വഴുതിവീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button