മാൾട്ടാ വാർത്തകൾ

വാടകക്കരാറിൽ നിന്നും പെട്ടന്ന് പിന്മാറാനാകില്ല , മാൾട്ടയിലെ വാടകക്കരാർ വ്യവസ്ഥകളിൽ സമൂല മാറ്റം വരുന്നു

 

മാൾട്ടയിലെ വാടകക്കരാർ വ്യവസ്ഥകളിൽ സമൂല മാറ്റം വരുന്നു.  കരാറിൽ ഏർപ്പെട്ട ശേഷം ഒഴിവാക്കാനുള്ള കാലയളവിൽ അടക്കം വലിയ മാറ്റങ്ങൾ വരുന്ന തരത്തിലാണ് പുതിയ നിയമനങ്ങൾ ഒരുങ്ങുന്നത്. നേരത്തെ 1 വർഷത്തെ കരാറുകൾ ആറു മാസം കഴിഞ്ഞാലും രണ്ടുവർഷ കരാറുകൾ  9 മാസം കഴിഞ്ഞാലുമാണ് ഇനി റദ്ദാക്കാൻ കഴിയുക.  3 വർഷ കരാറുകളിൽ ഈ കാലയളവ്  12 മാസമായിരിക്കും.

ഫലത്തിൽ, വാടക അഡ്വാൻസായി ആറു മാസം മുതൽ ഒരു വർഷം വരെയുള്ള തുക കരുതേണ്ടി വരുന്ന അവസ്ഥയുണ്ടാകും. വാടകക്കാർ നേരത്തെ കരാറിൽ നിന്നും പിൻവാങ്ങുന്നത് തങ്ങൾക്ക് നഷ്ടമുണ്ടാക്കുന്നു എന്ന ഉടമകളുടെ നിരന്തര പരാതികളാണ് ഈ മാറ്റത്തിന് കാരണമാകുന്നത്. ഈ നിയമമാറ്റം വാടകക്കാരുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന പരാതി ഉയർന്നു കഴിഞ്ഞു. കരാറിന് മുൻപായി കെട്ടിടമുടമകൾ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ പോലും കരാർ റദ്ദാക്കാൻ ആറുമാസം കാത്തിരിക്കേണ്ടി വരുമെന്നത് തിരിച്ചടിയാണെന്ന് എൻ.ജി.ഒ സംഘടനകളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളും പറയുന്നു. കെട്ടിടം ഉടമകളുടെ അവകാശം സംരക്ഷിക്കപ്പെടുമ്പോൾ തന്നെ പെനാൽറ്റി ഇല്ലാതെ തന്നെ തൃപ്തികരമല്ലാത്ത സാഹചര്യത്തിലുള്ള കരാറുകൾ ആദ്യഘട്ടത്തിൽ റദ്ദാക്കാനുള്ള അവകാശം വാടകക്കാർക്കു കൂടി ലഭിക്കണമെന്നാണ് ഈ സംഘടനകളുടെ ആവശ്യം.

മാൾട്ട ടെനൻ്റ് സപ്പോർട്ട് 300 പേരിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ  നേരത്തെ കരാർ  അവസാനിപ്പിച്ചവരിൽ അഞ്ചിലൊന്ന് പേരും വാടകക്കെട്ടിടത്തിൽ ഉടമ വാഗ്ദാനം ചെയ്ത കാര്യങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് കാരണമായി പറഞ്ഞത് . ഹൗസിംഗ് അതോറിറ്റിയുടെ വിധിനിർണയ സമിതിയുടെ നിർദേശങ്ങൾ  ലംഘിച്ചതായി കണ്ടെത്തിയ വാടകക്കാരുടെയും   ഭൂവുടമകളുടെയും ഒരു പൊതു കരിമ്പട്ടിക അവതരിപ്പിക്കുന്നതിലൂടെ നിയമത്തിന്റെ ദുരുപയോഗം തടയാനാകുമെന്ന അഭിപ്രായവും പങ്കുവെച്ചിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button