ജനപ്രതിനിധികള്‍ കൈക്കൂലി വാങ്ങി വോട്ടു ചെയ്യുന്നതോ പ്രസംഗിക്കുന്നതോ ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി. അഴിമതിക്ക് സാമാജികര്‍ക്ക് പ്രത്യേക പാര്‍ലമെന്ററി പരിരക്ഷയില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടിന് കോഴയില്‍ ജനപ്രതിനിധികളെ വിചാരണയില്‍ നിന്നും ഒഴിവാക്കിയ 1998 ലെ വിധി സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി.
എംപിക്കും എംഎല്‍എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ലഭിക്കുന്നുണ്ട്. അത് കൈക്കൂലി വാങ്ങുന്നതിനുള്ള സംരക്ഷണമല്ല. മാത്രമല്ല, സാമാജികര്‍ കൈക്കൂലി വാങ്ങി വോട്ടു ചെയ്യുന്നതോ പ്രസംഗിക്കുന്നതോ ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇത്തരത്തില്‍ ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത നടപടികള്‍ക്ക് അംഗീകരിക്കാനാകില്ലെന്നും പ്രത്യേക പരിരക്ഷ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍, അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടണം. രാഷ്ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യം ആണെന്നും അതിന് ജനപ്രതിനിധി എന്ന നിലയില്‍ പരിരക്ഷ അവകാശപ്പെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
1998 ലെ പി വി നരസിംഹ റാവു കേസിലെ വിധിയാണ് സുപ്രീംകോടതിയിലെ ഏഴംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിച്ചത്. നിയമ സഭയിലോ ലോക്സഭയിലോ പണം വാങ്ങി വോട്ടു ചെയ്താൽ ഭരണഘടനയുടെ ആർട്ടിക്കിൾ 105 (2), ആർട്ടിക്കിൾ 194 പ്രകാരം പരിരക്ഷയുണ്ടെന്നായിരുന്നു നരസിംഹറാവു കേസിലെ വിധി. നിയമസഭയിലോ ലോക്സഭയിലോ കോഴ വാങ്ങി വോട്ടു ചെയ്യുന്ന എം എൽ എമാർക്കും എം പിമാർക്കും ക്രിമിനൽ കേസുകളിൽ നിയമ പരിരക്ഷയുണ്ടെന്ന വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.