അനധികൃത തൊഴിലാളികളെ നിയമിക്കുന്നതിൽ ഹോസ്പിറ്റാലിറ്റി മേഖല മുന്നിലെന്ന് മാൾട്ട ആഭ്യന്തരവകുപ്പ്

കഴിഞ്ഞവര്‍ഷം മാള്‍ട്ടയില്‍ യൂറോപ്യന് യൂണിയന് പുറത്തുനിന്നും അനധികൃതമായി നിയമിച്ച തൊഴിലാളികള്‍ ഏറെയും ഹോസ്പിറ്റാലിറ്റി മേഖലയിലെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍. കണ്ടെത്തിയ നിയമലംഘനങ്ങളില്‍ 26 ശതമാനവും ഈ മേഖലയില്‍ നിന്നാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. 1695 തൊഴിലുടമകളെയാണ് അനധികൃതമായി തൊഴിലാളികളെ നിയമിച്ചതിനു സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തത്. ഇതില്‍ 436 കേസുകളും ഭക്ഷണ- താമസ സേവനങ്ങള്‍ കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്നതായിരുന്നു.
വാഹനങ്ങളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും അറ്റകുറ്റപ്പണികള്‍ (267 തൊഴിലുടമകള്‍) ഉള്‍പ്പെടെയുള്ള മൊത്തവ്യാപാരവും ചില്ലറ വ്യാപാരവുമാണ് കൂടുതല്‍ അനധികൃത തൊഴിലാളികള്‍ ഉള്ള രണ്ടാമത്തെ മേഖല.ഭരണം (179), നിര്‍മ്മാണം (168) മേഖലകളാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. പാര്‍ലമെന്റില്‍ ആഭ്യന്തരവകുപ്പ് വെച്ച കണക്കുകളിലാണ് ഈ വസ്തുതകളുള്ളത്. 2021 മുതല്‍ 2023 വരെ ഇത്തരം തൊഴിലുടമകളുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. 2021-ല്‍ 1,060 തൊഴിലുടമകള്‍ പിടിക്കപ്പെട്ടപ്പോള്‍,
അടുത്ത വര്‍ഷത്തോടെ ഇത് 36% ഉയര്‍ന്ന് 1,446 ആയി. 2023ല്‍ 17% വര്‍ദ്ധിച്ച് 1,695 തൊഴിലുടമകളാണ് ഈ പട്ടികയില്‍ എത്തിയത്. എന്നാല്‍, ക്രമരഹിതമായി മൂന്നാം രാജ്യക്കാരെ നിയമിച്ചതിന് പിടിക്കപ്പെട്ട 10 ബിസിനസ്സുകളില്‍ ഒമ്പത് പേരും
(88%) ഈ തെറ്റ് തിരുത്തിയതായും ബാക്കിയുള്ളവര്‍ക്ക് പിഴ ചുമത്തുകയോ കോടതിയില്‍ അയക്കുകയോ ചെയ്തതായും ചോദ്യങ്ങള്‍ക്ക് മറുപടിയായി ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.