‘കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി; എന്റെ ഉത്തരവാദിത്തം തീര്‍ന്നു’ : പി വി അന്‍വര്‍
തിരുവനന്തപുരം : താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും, കൃത്യമായി എഴുതിക്കൊടുക്കേണ്ട കാര്യങ്ങള്‍ എഴുതിക്കൊടുത്തുവെന്നും പി വി അന്‍വര്‍. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. വിശദീകരണം ചോദിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. അത് മുഖ്യമന്ത്രിക്ക് ഏല്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നല്കിയ പരാതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കും. ഇതോടെ തന്റെ ഉത്തരവാദിത്തം തീര്‍ന്നുവെന്നും അന്‍വര്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
സഖാവ് എന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. പാര്‍ട്ടിയുടെ ബഹുമാനപ്പെട്ട സഖാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. മറ്റൊരു പ്രധാനപ്പെട്ട സഖാവായ പാര്‍ട്ടി സെക്രട്ടറി ഇന്ന് തിരുവനന്തപുരത്തില്ല. അദ്ദേഹത്തെക്കൂടി കണ്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കുകയും, മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ കോപ്പി അദ്ദേഹത്തിന് നല്‍കുകയും ചെയ്യും. അതോടെ സഖാവ് എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം അവസാനിക്കുകയാണ്. ഇനി അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുക എന്നതാണ് മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
എഡിജിപി എം ആര് അജിത് കുമാറിനെ മാറ്റണോ എന്നത് പാര്‍ട്ടി തീരുമാനിക്കട്ടെ. സഖാവ് എന്ന നിലയ്ക്ക് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. ഇനി ഇതെങ്ങനെ മുന്നോട്ടു പോകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. അവര്‍ ഉത്തരവാദിത്തത്തോടെ, ആവശ്യമായ അന്വേഷണത്തിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് വിശ്വസിക്കുന്നത്. ആരെ മാറ്റി നിര്‍ത്തണം, ആരെ മാറ്റി നിര്‍ത്തേണ്ട എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. പരാതി നല്കിയ ഉടന്‍ തന്നെ അവരെ മാറ്റണമെന്നൊക്കെ എന്തടിസ്ഥാനത്തിലാണ് പറയുക. അതൊക്കെ നമുക്ക് കാത്തിരുന്ന് കാണാം എന്ന് അന്‍വര്‍ പറഞ്ഞു.
കേരളത്തിലെ പൊലീസിലെ ഒരു വിഭാഗത്തിന്റെ പെരുമാറ്റം പാര്‍ട്ടിക്കും സര്‍ക്കാരിനും ഗ്രൗണ്ട് ലെവലില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. പൊലീസ് എടുക്കേണ്ട നിലപാടും പ്രവര്‍ത്തന രീതിയുമല്ല ചില പൊലീസ് ഓഫീസര്‍മാരില്‍ നിന്നും ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഇത്തരം കാര്യങ്ങളാണ് താന്‍ ചൂണ്ടിക്കാട്ടിയത്. പൊലീസിലുള്ള അഴിമതി, പുഴുക്കുത്തുകള്‍ എന്നിവയില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇതൊരു കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. ആ സര്‍ക്കാരിന് അറിയാം ജനങ്ങളുടെ വികാരം എന്ന് അന്‍വര്‍ പറഞ്ഞു.
താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിന് പരിഗണിക്കേണ്ടി വരും. കാരണം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളാണ് ഉന്നയിച്ചത്. ഞാന്‍ ഇന്നും ആ പ്രതീക്ഷയിലാണ്, നാളെയും ആ പ്രതീക്ഷയിലാണ്. അതില്‍ മാറ്റമൊന്നുമില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ മാറ്റുമോയെന്ന ചോദ്യത്തിന്, അതിന്റെയൊന്നും ആളല്ല താന്‍ എന്നായിരുന്നു മറുപടി. എഡിജിപി എം ആര് അജിത് കുമാറിനെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണത്തില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന്, അതെല്ലാം പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിക്കട്ടെ എന്ന് അന്‍വര്‍ അഭിപ്രായപ്പെട്ടു. തന്റെ പിറകില്‍ സര്‍വശക്തനായ ദൈവം മാത്രമാണ് ഉള്ളതെന്നും പി വി അന്‍വര്‍ പറഞ്ഞു.